Home Uncategorized ലോക കോടീശ്വരന്‍മാരില്‍ ബില്‍ ഗേറ്റ്‌സിനെ പിന്തള്ളി ഇലോണ്‍ മാസ്‌ക്; ധനികരുടെ പട്ടിക പുറത്ത്

ലോക കോടീശ്വരന്‍മാരില്‍ ബില്‍ ഗേറ്റ്‌സിനെ പിന്തള്ളി ഇലോണ്‍ മാസ്‌ക്; ധനികരുടെ പട്ടിക പുറത്ത്

ലോകത്തെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍(ബ്ലൂംബര്‍ഗ് ബില്യനയേഴ്സ് ഇന്‍ഡെക്സ്) മൈക്രോസോഫ്റ്റിന്റെ ബില്‍ ഗേറ്റ്സിനെ മറികടന്ന് യുഎസിലെ ഇലക്ട്രിക് കാര്‍ നിര്‍മാണ കമ്പനിയായ ടെസ്ലയുടെ സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് രണ്ടാമതെത്തി. മാധ്യമസ്ഥാപനമായ ബ്ലൂംബര്‍ഗിന്റെ തിരഞ്ഞെടുപ്പിലാണ് മാസ്‌ക് ബില്‍ ഗേറ്റ്‌സിനെ പിന്തളളിയത്.

ആമസോണ്‍ ഡോട് കോം ഉടമ ജെഫ് ബെസോസാണ് ഒന്നാമത്. ടെസ്ലയുടെ ഓഹരി വില വര്‍ദ്ധിച്ചതിന് പിന്നാലെ മസ്‌കിന്റെ ആസ്തി 12,790 കോടി ഡോളറായി ഉയര്‍ന്നു. ഈ വര്‍ഷം മാത്രം അദ്ദേഹത്തിന്റെ ആസ്തിയില്‍ 10,030 കോടി ഡോളറിന്റെ വര്‍ധനയാണുണ്ടായത്. 12,770 കോടി ഡോളര്‍ ആണ് ബില്‍ ഗേറ്റ്സിന്റെ ഇപ്പോഴത്തെ ആസ്തി.

ജെഫ് ബെസോസിന് മുന്‍പ് വര്‍ഷങ്ങളോളം ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയില്‍ ഒന്നാമതായിരുന്നു ബില്‍ ഗേറ്റ്സ്. 2017ലാണ് അദ്ദേഹത്തെ ജെഫ് ബെസോസ് മറികടന്നത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി പണം മാറ്റിവയ്ക്കാന്‍ തുടങ്ങിയതോടെയാണ് ബില്‍ഗേറ്റ്സ് പട്ടികയില്‍ പിന്നിലായതെന്നാണ് റിപ്പോര്‍ട്ട്. 2006ന് ശേഷം 2700 കോടി ഡോളറോളം അദ്ദേഹം ബില്‍ ആന്‍ഡ് മെലിന്‍ഡാ ഗേറ്റ്സ് ഫൗണ്ടേഷനായി നല്‍കിയിട്ടുണ്ട്.