Home ആരോഗ്യം സൂക്ഷിക്കുക! ചായക്കടയിലെ ക്യാൻസർ.

സൂക്ഷിക്കുക! ചായക്കടയിലെ ക്യാൻസർ.

ഹോട്ടലുകളില്‍ പാക്കറ്റ് പാല്‍ ഉപയോഗിക്കുന്നതിലെ അശാസ്ത്രീയത വിവിധ തരത്തിലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പഴകിയ പാല്‍ ഉപയോഗിക്കുന്നതും ചായ എടുക്കാന്‍ ഉപയോഗിക്കുന്ന സമാവറുകള്‍ക്കു മുകളില്‍ വെച്ച് പാക്കറ്റോടെ പാല്‍ ചൂടാക്കുന്നതും ആരോഗ്യത്തിന് അങ്ങേയറ്റം ഹാനികരമാണ്. എന്നാല്‍ ഈ വസ്തുതകള്‍ മനസ്സിലാക്കിക്കൊണ്ടുതന്നെ പല ഹോട്ടല്‍ ഉടമകളും ഈ രീതി തുടരുകയാണ്. ഇത് തടയാന്‍ അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ നടപടികളും ഉണ്ടാകുന്നില്ല. കാലാവധി കഴിഞ്ഞ പാല്‍ ഫ്രീസറില്‍ സൂക്ഷിച്ച് ഉപയോഗിക്കുന്നത് മാരകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പല കൂള്‍ബാറുകളിലും കാലാവധി കഴിഞ്ഞ പാക്കറ്റു പാലുകളാണ് ഉപയോഗിക്കുന്നത്. ചായ എടുക്കാനും ഷെയ്ക്കുകള്‍ ഉണ്ടാക്കാനുമായാണ് ഇത്തരത്തില്‍ കൂള്‍ബാറുകളില്‍ കാലാവധി കഴിഞ്ഞ, പഴക്കമുള്ള പാല്‍ ഫ്രീസറില്‍ വെച്ച് ഉപയോഗിക്കുന്നത്. വിവിധ ഹോട്ടലുകളിലും കൂള്‍ബാറുകളിലും ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ ഇത്തരം പാലുകള്‍ പിടിച്ചെടുത്തിരുന്നു. ഫ്രീസറില്‍ വെച്ച് തണുത്ത പാക്കറ്റുപാല്‍ ചായ എടുക്കാന്‍ ഉപയോഗിക്കുന്ന സമോവറിനു മുകളില്‍ പായ്ക്കറ്റോടെ വെച്ച് ചൂടാക്കുന്നതും ചായക്കടകളിലെ സ്ഥിരം കാഴ്ചയാണ്. പായ്ക്കറ്റ് പാലിന്റെ തണുപ്പ് പെട്ടെന്ന് മാറ്റുന്നതിനും പാചക ഇന്ധനം ലാഭിക്കുന്നതിനുമായാണ് കച്ചവടക്കാര്‍ ഈ രീതി ഉപയോഗിക്കുന്നത്. തണുത്ത പാല്‍ തിളച്ചുകിട്ടാന്‍ കൂടുതല്‍ സമയം തീ കത്തിക്കേണ്ടതായി വരും. ചായ എടുക്കാന്‍ വെള്ളം തിളപ്പിക്കുന്ന സമോവറിനു മുകളില്‍ പായ്ക്കറ്റോടെ വെച്ചാല്‍ പാല്‍ തണുപ്പു മാറി ചെറുതായി ചൂടായിക്കിട്ടും. ഇത് പാത്രത്തില്‍ ഒഴിച്ച് തിളപ്പിക്കാന്‍ കുറഞ്ഞ സമയമേ വേണ്ടിവരുന്നുള്ളു എന്ന് കടക്കാര്‍ പറയുന്നു. എന്നാല്‍ പാല്‍ പാക്കറ്റോടെ ചൂടാക്കുമ്പോള്‍ പ്ലാസ്റ്റിക് കവര്‍ ഉരുകി പാലില്‍ ലയിക്കുകയും ഇത് ചായ കുടിക്കുന്നവരില്‍ ക്യാന്‍സറിന് കാരണമാകുകയും ചെയ്യുമെന്ന് ആരോഗ്യവകുപ്പ് നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ചെറിയ ചായക്കടകളിലും തട്ടുകടകളിലും ബേക്കറികളിലുമാണ് ഈ രീതിയില്‍ ചായ എടുക്കുന്നത്.