പതിമൂന്ന് വയസ്സിൽതാഴെയുള്ള കുട്ടികൾ വാഹനങ്ങളുടെ മുൻസീറ്റിൽ യാത്ര ചെയ്യുന്നത് സംസ്ഥാനത്ത് വിലക്കിയിട്ടുണ്ട്. ബാലാവകാശ കമ്മീഷൻ ഇത് സംബന്ധിച്ച് നേരത്തേ പ്രത്യേക നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.
സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലെങ്കിൽ എയർബാഗും അപകടകരമാണ്. അപകടമുണ്ടാകുമ്പോൾ തുറന്നുവരുന്ന എയർബാഗിന്റെ ആഘാതം കുട്ടികൾക്ക് താങ്ങാനാവില്ല. അതിവേഗത്തില്‍ എയർബാഗ് മുഖത്ത് ഇടിക്കാനുള്ള സാധ്യതയുണ്ട്.
കുട്ടികളെ മടിയിലിരുത്തുന്നതും അവരുടെ സുരക്ഷയ്ക്ക് ദോഷമാകും. മടിയിലോ കയ്യിലോ ഇരിക്കുമ്പോൾ ശക്തമായി ബ്രേക്കിടുമ്പോൾ പോലും കുട്ടികൾക്ക് ഗുരുതരമായ പരിക്കുകൾ സംഭവിക്കാം.
പിന്‍സീറ്റിൽ ചൈൽഡ് സീറ്റ് ഘടിപ്പിച്ച് സീറ്റ് ബെൽട്ട് ഇട്ടതിനു ശേഷമുള്ള യാത്ര കൂടുതൽ സുരക്ഷ നൽകും.
ഡ്രൈവർക്കു പുറകിലുള്ള പിൻസീറ്റിൽ ചൈൽഡ് സീറ്റ് ഘടിപ്പിക്കുന്നതിലും സുരക്ഷിതം മുൻ സീറ്റിലുള്ള യാത്രക്കാരന്‍റെ പിന്നിലുള്ള സീറ്റിൽ ചൈൽഡ് സീറ്റ് ഘടിപ്പിക്കുന്നതാണ്.
കുട്ടികൾക്കായി ഘടിപ്പിച്ചിരിക്കുന്ന സീറ്റ് അവർക്ക് പാകമായിരിക്കണം. ഒപ്പം സുരക്ഷാ ബെൽറ്റുകൾ കൃത്യമായി, മുറുകെ ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണം. മുന്നിലേക്ക് തെറിക്കുന്നവർ പൊട്ടിവിടരുന്ന എയർബാഗിൽ ഇടിക്കും. കുട്ടികൾ മടിയിൽ ഇരിക്കുകയാണെങ്കിൽ എയർബാഗിനും യാത്രക്കാരും ഇടയിൽപ്പെട്ട് പരിക്കേൽക്കും.
മുതിർന്ന യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടെങ്കിലും അപകടമുണ്ടാകുമ്പോൾ കുട്ടികൾ പിടിവിട്ട് തെറിച്ചുപോകാനുള്ള സാധ്യതയുണ്ട്.
പാശ്ചാത്യരാജ്യങ്ങളിൽ കുട്ടികളുടെ സുരക്ഷയ്ക്കായി ചൈൽഡ് സീറ്റുകൾ നിർബന്ധമാണ്. കുട്ടികളുടെ യാത്രയ്ക്ക് കാറുകളുടെ പിൻസീറ്റാണ് സുരക്ഷിതമെന്ന് പഠനങ്ങളിൽ തെളിഞ്ഞിരുന്നു. പിൻസീറ്റിന്റെ മധ്യഭാഗത്ത് പിന്നിലേക്ക് അഭിമുഖമായി വരത്തക്കവിധം ചൈൽഡ് സീറ്റുകൾ ഘടിപ്പിക്കുന്നതും ഉചിതമാണ്. ഇൻഫന്റ്, ചൈൽഡ്, ബൂസ്റ്റർ എന്നിങ്ങനെ കുട്ടികൾക്ക് അനുയോജ്യമായവ വിപണിയിൽ ലഭ്യമാണ്.