Home നാട്ടുവാർത്ത കാട്ടിലെ തേക്ക് തോട്ടങ്ങൾ മുറിച്ചുമാറ്റാനൊരുങ്ങി വനം വകുപ്പ്.

കാട്ടിലെ തേക്ക് തോട്ടങ്ങൾ മുറിച്ചുമാറ്റാനൊരുങ്ങി വനം വകുപ്പ്.

കേരളത്തിലെ വനമേഖലയിലെ തേക്ക് മരങ്ങള്‍ മുറിച്ച് പകരം സ്വാഭാവിക വനം വളര്‍ത്താന്‍ വനം വകുപ്പ് ശ്രമമാരംഭിച്ചു. കാട്ടിലെ തേക്ക് മരങ്ങള്‍ കൊണ്ട് മൃഗങ്ങള്‍ക്ക് ഒരു നേട്ടവുമില്ലെന്ന് വിലയിരുത്തിയാണ് വനം വകുപ്പ് പുതിയ വഴി തിരയുന്നത്. ഇതിനെ കുറിച്ച് പഠിക്കാന്‍ വനംവകുപ്പ് കമ്മിറ്റിയെ നിയോഗിച്ചിട്ടുമുണ്ട്.
തേക്ക് മരങ്ങള്‍ കാരണം മൃഗങ്ങള്‍ക്ക് ഭക്ഷണ ലഭ്യത കുറഞ്ഞു. വേനല്‍ക്കാലത്ത് ഇലകള്‍ പൊഴിയുന്നതിനാല്‍ സൂര്യപ്രകാശം നേരിട്ട് മണ്ണിലേക്ക് വരുന്നത് മൂലം ഇത് ജലദൗര്‍ലഭ്യത്തിന് ഇടയാക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. തേക്ക് പ്ലാന്റേഷനുകളാണ് സംസ്ഥാനത്തെ വനമേഖലകളില്‍ ഭൂരിഭാഗവും. ഇവിടുത്തെ തേക്ക് കുറച്ച് വീതം വെട്ടി പകരം സ്വാഭാവിക വനം വളര്‍ത്തി പ്രശ്‌നം പരിഹരിക്കാനാണ് വനം വകുപ്പിന്റെ ലക്ഷ്യം.
നിലവില്‍ കാട്ടിലെ തേക്ക് മരങ്ങൾ ഉപയോഗമില്ലാതെ നശിക്കുന്ന അവസ്ഥയാണ്. ദേശിയോദ്യാനങ്ങളിലും, വന്യജീവി സങ്കേതങ്ങളിലും ഒരു തരത്തിലുമുള്ള മരങ്ങള്‍ മുറിക്കരുത് എന്നാണ് വന്യമൃഗ സംരക്ഷണ നിയമത്തിലും കോടതി വിധികളിലും പറയുന്നത്. നിലവില്‍ സംസ്ഥാനത്തേക്ക് വന്‍ തോതില്‍ തടി ഇറക്കുമതി ചെയ്യപ്പെടുകയാണ്. കാട്ടിലെ തേക്ക് മുറിച്ച് വിറ്റാല്‍ ഇങ്ങനെയുള്ള ഇറക്കുമതി കുറയ്ക്കാം. നിയമത്തില്‍ ഭേദഗതി വരുത്താനാണ് വനം വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്. സ്വാഭാവിക വനങ്ങള്‍ വെട്ടിക്കളഞ്ഞ് പകരം തേക്കും യൂക്കാലിപ്റ്റസും വച്ചു പിടിപ്പിച്ച വനം വകുപ്പിന്‍റെ പ്രവര്‍ത്തി തല തിരിഞ്ഞതാണെന്ന് നേരത്തേ തന്നെ ആക്ഷേപമുയർന്നിരുന്നു. ഓരോ വര്‍ഷവും പച്ചപ്പും കുടിവെള്ളവും ഇല്ലാതെ ഒട്ടേറെ വന്യമൃഗങ്ങളാണ് ചത്തൊടുങ്ങിയത്.
സ്വാഭാവിക വനങ്ങള്‍ വ്യാപകമായി വെട്ടി നശിപ്പിച്ചാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് വനമേഖലകളില്‍ വ്യാപകമായി യൂക്കാലിപ്റ്റസ്, തേക്ക് മരങ്ങള്‍ വച്ച് പിടിപ്പിച്ചത്. ഇത് പരിസ്ഥിതിയിലുണ്ടാക്കിയ മാറ്റം ഭയാനകമായിരുന്നു. നിബിഡ വനങ്ങള്‍ വെട്ടി നശിപ്പിക്കുകയും പകരം തേക്കിന്‍ തോപ്പുകള്‍ വച്ച് പിടിപ്പിക്കുകയുമാണ് മിക്കയിടത്തും ചെയ്തത്. ഇതോടെ വന പ്രദേശങ്ങളില്‍ വ്യാപകമായ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടായി. കടുത്ത വേനലിലും ധാരാളം ജലം ലഭിച്ചിരുന്ന കാടുകളില്‍ മഴയൊന്നു മാറിയാല്‍ വന്യമൃഗങ്ങള്‍ വെള്ളം ലഭിക്കാതെ ചത്തൊടുങ്ങുന്നത് പതിവായി. സ്വഭാവിക വനങ്ങള്‍ ഇല്ലാതായതോടെ ചതുപ്പുകള്‍ അപ്രത്യക്ഷമാവുകയും ജീവികള്‍ക്ക് ആവാസവ്യവസ്ഥ നഷ്ട്ടമാവുകയും ചെയ്തു. ആയിരക്കണക്കിന് ഏക്കര്‍ വനഭൂമി തോട്ടങ്ങളാക്കിയും മാറ്റി. തേക്ക് തടികള്‍ വളര്‍ത്താന്‍ നൂറു കണക്കിന് ഏക്കര്‍ വനം വെട്ടിയിറക്കി തോട്ടങ്ങളാക്കി. 1907 ലാണ് കൂപ്പുലേല വ്യവസ്ഥ ആരംഭിക്കുന്നത്. കൂടുതല്‍ വനങ്ങളിലെയ്ക്ക് തേക്ക് തോട്ടം വ്യാപിപ്പിക്കപ്പെട്ടു. തെറ്റാണെന്ന് ബോധ്യപ്പെട്ടിട്ടും തേക്ക് തോട്ടങ്ങള്‍ വര്‍ധിപ്പിച്ചത് വഴി മണ്ണൊലിപ്പും വനത്തിനു ഗുരുതരമായ രീതിയില്‍ ശോഷണവും സംഭവിച്ചിട്ടുണ്ട് എന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. സ്വഭാവിക വനം വെച്ച് പിടിപ്പിക്കാനുള്ള തീരുമാനം നടപ്പാക്കാനാരംഭിച്ചാൽ തേക്കുകൾ കാടിറങ്ങിത്തുടങ്ങും.