Home ആരോഗ്യം പിപിഇ കിറ്റ് ധരിക്കുന്നവര്‍ നേരിടുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍; ശരീരഭാരം വരെ കുറഞ്ഞ് ഡോക്ടര്‍മാര്‍

പിപിഇ കിറ്റ് ധരിക്കുന്നവര്‍ നേരിടുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍; ശരീരഭാരം വരെ കുറഞ്ഞ് ഡോക്ടര്‍മാര്‍

പിപിഇ കിറ്റ് ധരിക്കുന്നത് വഴി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട് ആരോഗ്യപ്രവര്‍ത്തര്‍. കോവിഡ് ചികിത്സയില്‍ ഏര്‍പ്പെടുന്ന ഡോക്ടര്‍മാര്‍ മണിക്കൂറുകളാണ് പിപിഇ കിറ്റ് ധരിക്കേണ്ടിവരുന്നത്. ഡ്യൂട്ടിയിലുള്ള മുഴുവന്‍ സമയവും ഒരു ഇടവേളയുമില്ലാതെ പിപിഇ ധരിച്ചുവേണം നില്‍ക്കാന്‍. ഇത് ആരോഗ്യപ്രവര്‍ത്തകരുടെ ആരോഗ്യാവസ്ഥയെ വളരെ മോശമായാണ് ബാധിക്കുന്നത്.

വിയര്‍പ്പ്, ശ്വാസംമുട്ടല്‍, സമ്മര്‍ദ്ദം, ക്ഷീണം തുടങ്ങിയ വെല്ലുവിളികളെ അതിജീവിച്ചാണ് ഇവര്‍ മാസങ്ങളോളമായി ജോലി ചെയ്തുവരുന്നത്. ഇതിന് പുറമെ ശരീരഭാരം കുറയുന്നതാണ് ഇവര്‍ നേരിടുന്ന പുതിയ വെല്ലുവിളി. മുംബൈയിലെ കോവിഡ് വാര്‍ഡുകളില്‍ ജോലിചെയ്യുന്ന ഭൂരിഭാഗം ഡോക്ടര്‍മാരും ശരീരഭാരം കുറയുന്നതായി പറയുന്നുണ്ട്.

‘പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുക ഒട്ടും എളുപ്പമല്ല. ശ്വാസംമുട്ടും എന്നതാണ് ഏറ്റവും വലിയ പ്രശ്നം. ഒരുപാട് വിയര്‍ക്കും. ഷിഫ്റ്റ് തീരുന്നതുവരെ അത് ഊരാന്‍ കഴിയില്ലെന്നത് മറ്റൊരു പ്രശ്നം. ടൊയിലറ്റില്‍ പോകാന്‍ പോലും കഴിയില്ല. ഷിഫ്റ്റ് അവസാനിക്കുമ്പോള്‍ ആകെ അവശതയാകും. സ്വാഭാവികമായും ക്ഷിണവും മാനസിക സമ്മര്‍ദ്ദവും കാരണം ശരീരഭാരം കാര്യമായി കുറയും. അടുത്തകാലത്തൊന്നും ഈ ജോലി രീതിയില്‍ മാറ്റമുണ്ടാകില്ല എന്നതുകൊണ്ടുതന്നെ ഈ പ്രശ്നം ഗുരുതരമാണ്’,- മുംബൈയിലെ ഒരു ഡോക്ടറുടെ വാക്കുകളാണിത്.

രോഗികളെ ഇന്‍ക്യുബേറ്റ് ചെയ്യുന്നതും വെന്റിലേറ്ററിലാക്കുന്നതും അടക്കമുള്ള ജോലികള്‍ പിപിഇ ധരിച്ച് ചെയ്യുമ്പോള്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പലപ്പോഴും കാഴ്ച കൃത്യമാകാന്‍ സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കി ഡോക്ടര്‍മാര്‍ ഗോഗിള്‍സ് ഊരി മാറ്റാറുണ്ട്. ഇന്‍ക്യൂബേറ്റ് ചെയ്യാന്‍ താമസിച്ചാല്‍ മരണം സംഭവിക്കും എന്നുള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടിവരുന്നത്. ഇതൊക്കെ ശാരീരികമായി തളര്‍ത്തുമെന്ന് പറയുകയാണ് ഡോക്ടര്‍മാര്‍.