Home കൗതുകം ഗോതമ്പുണ്ടയില്ല.മട്ടനും, മീനുമുണ്ട്. ഇതാണ് ജയിൽ മെനു.

ഗോതമ്പുണ്ടയില്ല.മട്ടനും, മീനുമുണ്ട്. ഇതാണ് ജയിൽ മെനു.

തടവുകാരുടെ ആരോഗ്യത്തിൽ ജയിൽ വകുപ്പിന് ശ്രദ്ധയുണ്ട്. ശരീരത്തിനാവശ്യമായ കലോറി കണക്കാക്കിയാണു ജയിൽ വകുപ്പ് തടവുകാർക്കുള്ള മെനു നിശ്ചയിച്ചിരിക്കുന്നത്. ജയിലിൽ വിളമ്പുന്ന ഭക്ഷണത്തിലെ ‘പോഷക’ ഗുണത്താൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ തടവുകാരുടെ ശരീരഭാരം അഞ്ചു കിലോ മുതൽ എട്ടു കിലോ വരെ കൂടുമെനാണ് അനുഭവസാക്ഷ്യം.

ജയിലിലെത്തിയാൽ ഗോതമ്പുണ്ട തിന്നാമെന്നതൊക്കെ പഴങ്കഥ. ഉണ്ടയെ പടിയിറക്കിയിട്ട് വർഷങ്ങളായി. സമീകൃത ആഹാരമാണ് കേരളത്തിലെ ജയിലുകളിലെ തടവുകാർക്കു നൽകുന്നത്. അതായത് മൃഷ്‌ടാന്ന ഭോജനം! ആഴ്‌ചയിലൊരിക്കൽ മട്ടൺകറിയും, രണ്ടു ദിവസം മീനും കൂട്ടി ഊണ്. രണ്ടു നേരം ചായ.

രാവിലെ ഏഴു മണിയോടെ ജയിലുകളിൽ പ്രഭാത ഭക്ഷണം വിളമ്പും. ഇതിനു ശേഷം തടവുപുള്ളികളെ പണിക്കിറക്കും. ഉച്ചയ്ക്ക് 12.30 ന് ചോറു വിളമ്പും. ഊണിനു ശേഷം തടവുകാർ പിന്നെയും പണി സ്ഥലത്തേക്ക്. വൈകിട്ട് നാലിനു ചായ. അഞ്ചിനു അത്താഴം വിളമ്പും. പിന്നെ അഴികൾക്കുള്ളിലേക്ക്. പിറ്റേ ദിവസം ആറു മണിക്കാണു ഇവ തുറക്കുക. വിശേഷദിവസങ്ങളിൽ ജയിലുകളിൽ അടിപൊളി സദ്യയും വിളമ്പും.
തടവുപുള്ളികളിൽ ‘വെജിറ്റേറിയൻ’കാർക്ക് പച്ചക്കറികൾ അടങ്ങിയ കറികൾ കൂടുതലായി നൽകും.