ഇടിമിന്നല്‍ ഉണ്ടാകുന്ന സമയങ്ങളില്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍, മിന്നലേറ്റാലുള്ള പ്രഥമ ശുശ്രൂഷ എന്നിവ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ സുരക്ഷാ നിര്‍ദേശങ്ങള്‍ അറിയാം.
സെക്കന്റിന്റെ പത്തിലൊന്ന് അംശം സമയത്തിനുള്ളില്‍ മിന്നല്‍ സംഭവ്യമാകുന്നതിനാല്‍ ഇതില്‍ നിന്നും ഉണ്ടാക്കുന്ന ആഘാതങ്ങളില്‍ നിന്നും രക്ഷപ്പെടുക അസാധ്യമാണ്. എന്നിരുന്നാലും മിന്നലിനെ കുറിച്ചുള്ള ശരിയായ അറിവ് ഒരു പരിധിവരെ അപകടം കുറയ്ക്കുന്നതിന് സഹായകമാകുമെന്നാണ് ദുരന്ത നിവാരണ അഥോറിറ്റി അറിയിക്കുന്നത്. കേരളത്തെ സംബന്ധിച്ച് മിന്നല്‍ ഉണ്ടാകുന്നതിന് ഒരു പ്രത്യേക കാലം ഉള്ളതിനാല്‍ ഈ സമയങ്ങളില്‍ പ്രതിരോധ നടപടികള്‍ മുന്‍കൂറായി എടുക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെയാണ് സംസ്ഥാനത്ത് മിന്നല്‍ ഉണ്ടാകാറുള്ളത്. ഉച്ചകഴിഞ്ഞുള്ള സമയങ്ങളിലാണ് മിന്നല്‍ കൂടുതലായി കണ്ടുവരുന്നത്.
ഇടി മിന്നല്‍ ഉണ്ടായാല്‍ ചെയ്യേണ്ട മുന്‍കരുതലുകള്‍
അരിവാള്‍, കത്തി, കുട, ഗോള്‍ഫ്സ്റ്റിക്ക് ലോഹ നിര്‍മിതമായ സാധനങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കുക
കാല്പാദങ്ങളും കാല്‍ മുട്ടും ചേര്‍ത്ത് പിടിച്ച് കൈകള്‍ മുട്ടില്‍ ചുറ്റിവിരിഞ്ഞ് താടി മുട്ടിന് മുകളില്‍ ഉറപ്പിച്ചു നിലത്ത് കുത്തിയിരിക്കുക.
മിന്നല്‍ സമയത്ത് പൊക്കം കൂടിയ മരത്തിന്റെ അടിയില്‍പ്പെട്ടാല്‍ അതിന്റെ ചില്ലകളുടെ അടുത്തുനിന്നും ദൂരെ മാറിയിരിക്കുക.
ടെറസിന് മുകളില്‍ വിളക്കുകള്‍ ഘടിപ്പിക്കുന്നതിന് ലോഹ കമ്പികള്‍ ഒഴിവാക്കുക, ടെറസില്‍ അയ കെട്ടുന്നതിന് ലോഹ ദണ്ഡുകളും, ലോഹ വയറുകളും ഒഴിവാക്കുക.
വന്മരങ്ങള്‍ ഉള്ള വനങ്ങളുടെ അരികില്‍ നില്‍ക്കാതിരിക്കുക
തുറസ്സായ സ്ഥലത്തുള്ളതും മതിയായ സുരക്ഷാ കവചം ഇല്ലാത്തതുമായ ടവറുകള്‍,ചെറുകെട്ടിടങ്ങള്‍, കുടിലുകള്‍ എന്നിവ അപകടകരമാണ്.
സുരക്ഷാ കവചം ഇല്ലാത്ത വൈദ്യുത ലൈനുകള്‍, ലോഹ ഘടനകള്‍ എന്നിവയുടെ സമീപ സ്ഥലങ്ങളില്‍ നില്‍ക്കരുത്.
കൊടിമരം, ടി.വിയുടെ ആന്റിനയുടെ പൈപ്പ്, കുത്തനെയുള്ള ലോഹ പൈപ്പുകള്‍ എന്നിവയുടെ സമീപ സ്ഥലം ഒഴിവാക്കുക.
തുറസ്സായ സ്ഥലത്ത് നില്‍ക്കുന്നതും അപകടം ഉണ്ടാക്കാം.
താഴ് വരയേക്കാള്‍ മിന്നല്‍ പതിക്കാന്‍ സാധ്യത കൂടുതല്‍ കുന്നിന്‍ മുകളിലാണ്. അതിനാല്‍ അവിടെ നിൽക്കുന്നത് ഒഴിവാക്കുക.
സൈക്കിള്‍ ചവിട്ടുന്നതും, കുതിരയെ തെളിക്കുന്നതും, മോട്ടോര്‍ സൈക്കിള്‍, ഓപ്പണ്‍ ട്രാക്ടര്‍ ഓടിക്കുന്നതും ഒഴിവാക്കുക, മോട്ടോര്‍ കാറിനോട് ചേര്‍ന്ന് നില്‍ക്കുന്നതും അതില്‍ ചാരി നില്‍ക്കുന്നതും ഒഴിവാക്കുക.
തുറസ്സായ സ്ഥലത്തും സുരക്ഷാ കവചം ഇല്ലാത്ത ചെറുമുറികളിലും കൂട്ടംകൂടി നില്‍ക്കാന്‍ പാടില്ല.
പ്രഥമ ശുശ്രൂഷ
മിന്നല്‍ ആഘാതത്താല്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ ശ്വാസതടസ്സം മൂലമാണ് കൂടുതലായും മരണം സംഭവിക്കുന്നത്. നേരിട്ടുള്ള ആഘാതം, പൊള്ളല്‍ എന്നിവയിലൂടെ മരണം ഉണ്ടാകുന്നത് കുറവാണ്. കൃത്രിമ ശ്വാസം നല്‍കുന്നതിലൂടെ മിന്നല്‍ ആഘാതം ഏറ്റവരെ രക്ഷിക്കാന്‍ കഴിയും. ശേഷം ഉടൻ വിദഗ്ധ വൈദ്യ സഹായം ലഭ്യമാക്കുക.