Home പ്രവാസം അത്ഭുതം തന്നെ ‘ഐൻ ദുബായ്’.

അത്ഭുതം തന്നെ ‘ഐൻ ദുബായ്’.

കടലിനോടു ചേർന്നുകിടക്കുന്ന ദുബായിയുടെ മനോഹരമായ നഗരക്കാഴ്ചകൾ സന്ദർശകർക്ക് സമ്മാനിച്ച് ഐൻ ദുബായ് അടുത്ത വർഷം മിഴി തുറക്കും. ലോകത്തിലെ ഏറ്റവും വലുതും ഉയരം കൂടിയതുമായ ഒബ്‌സർവേഷൻ വീലാണ് ഐൻ ദുബായ്.

ഐൻ’ എന്നാൽ അറബിയിൽ കണ്ണ് എന്നാണർഥം. ഇതിനോടകം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ബ്ലൂവാട്ടേഴ്‌സ് ഐലൻഡ് എന്ന മനുഷ്യനിർമിത ദ്വീപിലാണ് ഐൻ ദുബായ് ഉയരുന്നത്. ഐൻ ദുബായിയുടെ നിർമാണം അവസാനഘട്ടത്തിലാണെന്നും അടുത്തവർഷം ഇത് സന്ദർശകർക്കായി തുറക്കുമെന്നും പദ്ധതിയുടെ നിർമാതാക്കളായ മീറാസ് അറിയിച്ചു. തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും യു.എ.ഇ. കാത്തിരിക്കുന്ന എക്‌സ്പോ 2020-ന്‌ മുൻപായി ഐൻ ദുബായ് കറങ്ങിത്തുടങ്ങുമെന്നാണ് കരുതുന്നത്.

എട്ടു റിമ്മുകളുള്ള ഘടനയാണ് ചക്രത്തിനു നൽകിയിരിക്കുന്നത്. 16 എയർബസ് എ 380 സൂപ്പർജംമ്പോ വിമാനങ്ങളുടെ ഭാരം വരും ഇതിന്. ഘടന പൂർത്തിയാക്കാൻ 9000 ടൺ സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത് ഈഫൽ ടവർ നിർമിക്കാൻ ഉപയോഗിച്ചതിലും ഏകദേശം 25 ശതമാനം അധികം. 192 കേബിൾ വയറുകളും ഉപയോഗിച്ചിട്ടുണ്ട്. ഇതിന്റെ മൊത്തം നീളം കണക്കാക്കുകയാണെങ്കിൽ ഏകദേശം 2400 കിലോമീറ്റർ വരും. നിർമാണം പൂർത്തിയായാൽ ദുബായിലേക്ക് സന്ദർശകരെ ആകർഷിക്കുന്ന മറ്റൊരു പ്രധാന വിനോദ കേന്ദ്രമാകും ഐൻ ദുബായ്. ലാസ് വേഗാസിലെ ഹൈ റോളറിനെയും ന്യൂയോർക്ക് സിറ്റി വീലിനെയും പിന്നിലാക്കി 250 മീറ്റർ പൊക്കത്തിലാണ് ഐൻ ദുബായ് പണിതുയരുന്നത്. 2016-ലാണ് നിർമാണം തുടങ്ങിയത്.