Home അന്തർദ്ദേശീയം ജെറ്റ് എയർവേയ്സിന് ചിറകറ്റത് ഇങ്ങനെ…..

ജെറ്റ് എയർവേയ്സിന് ചിറകറ്റത് ഇങ്ങനെ…..

രാജ്യത്തെ ഏറ്റവും മികച്ച വിമാനക്കമ്പനികളിലൊന്നായിരുന്നു ജെറ്റ് എയർവെയ്സ്. സമയനിഷ്ഠയുടെ കാര്യത്തിലും നിലവാരത്തിലും മുന്നിട്ടുനിന്നു.രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായിരുന്നു ഏതാനും മാസങ്ങൾക്കു മുമ്പുവരെ ജെറ്റ് എയർവെയ്സ്. ഒടുവിൽ, പ്രതിസന്ധിയിൽ പെട്ട് പ്രവർത്തനം നിലച്ചപ്പോൾ കമ്പനിക്ക് പിഴച്ചത് എവിടെയാണെന്ന ചോദ്യങ്ങൾ ഉയരുകയാണ്. കടക്കെണിയും കമ്പനി ഉടമകൾ തന്നെ നടത്തിയ കമ്മിഷൻ ഇടപാടുകളുമാണ് കമ്പനിയെ തകർത്തത് എന്നാണ് വ്യക്തമാകുന്നത്..

ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ സ്വകാര്യ കമ്പനിയായ ജെറ്റ് എയർ പ്രൈവറ്റ് ലിമിറ്റഡിന് കോടികൾ കമ്മിഷനായി ജെറ്റ് എയർവെയ്സിൽനിന്ന് നൽകിയിരുന്നു. സ്വന്തം സ്ഥാപനത്തിന് തന്നെ ഭീമമായ തുക കമ്മിഷൻ നൽകുന്നതാണ് ഇവിടെ കണ്ടത്. ഇത്തരത്തിൽ മുമ്പും ഉടമകൾ തന്നെ ഭീമമായ കമ്മിഷൻ പറ്റിയിട്ടുണ്ടാകാമെന്നാണ് കരുതുന്നത്.

ലാഭത്തെക്കുറിച്ച് ധാരണയില്ലാതെ വാങ്ങിക്കൂട്ടിയ ഭീമമായ വായ്പയാണ് വില്ലനായ മറ്റൊരു ഘടകം. വായ്പാ തിരിച്ചടവ് ഇനത്തിൽ എസ്.ബി.ഐ. ഉൾപ്പെടെയുള്ള ബാങ്കുകൾക്ക് നൽകാനുള്ളത് 8,500 കോടി രൂപയാണ്. വിമാനങ്ങൾ പാട്ടത്തിനു നൽകിയ കമ്പനികൾ, എണ്ണക്കമ്പനികൾ എന്നിവയ്ക്കൊക്കെ കോടികൾ നൽകാനുണ്ട്. വിമാനങ്ങൾ റദ്ദാക്കപ്പെട്ടതോടെ, നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്കും കോടികൾ കൊടുത്തുതീർക്കാനുണ്ട്.

കമ്പനിയുടെ പ്രവർത്തനം നിലച്ചത് 22,000 ജീവനക്കാരുടെ കുടുംബത്തെ ബാധിക്കും. നാലു മാസമായി ശമ്പളം മുടങ്ങിയിരിക്കുന്ന ഇവർക്ക് കമ്പനി പൂട്ടുന്നത് കടുത്ത പ്രതിസന്ധിയുണ്ടാക്കും.