Home കൃഷി ആഫ്രിക്കൻ ഒച്ചുകൾ നിസ്സാരക്കാരല്ല.

ആഫ്രിക്കൻ ഒച്ചുകൾ നിസ്സാരക്കാരല്ല.

തൃശൂർ ജില്ലയിലെ ചേർപ്പിനടുത്ത് കോടന്നൂരിലും പരിസര പ്രദേശങ്ങളിലും കർഷകർക്ക് ഭീഷണിയായി ആഫ്രിക്കൻ ഒച്ച് വ്യാപിക്കുന്നു. ശാസ്താംകടവ് പ്രദേശത്താണ് ഇവ വ്യാപകമായിട്ടുള്ളത്. കൃഷി നശിപ്പിക്കുന്നതാണ് പ്രധാന ഭീഷണി.
തൃശൂർ നഗരത്തിലെ വിവിധയിടങ്ങളിൽ രണ്ട് വർഷം മുമ്പ് ഈ ഒച്ചുകൾ വ്യാപകമായിരുന്നു. കാര്‍ഷികവിളകളുടെ നാശം മാത്രമല്ല, ദുര്‍ഗന്ധമുള്ള കാഷ്ഠവും സ്രവവും മൂലം കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകുന്നതാണ് വലിയ ഭീഷണി.
6-10 വര്‍ഷംവരെയാണ് ഇവയുടെ ജീവിതകാലം. 20 ഗ്രാം മുതല്‍ 250ഗ്രാം വരെ തൂക്കം വയ്ക്കും. ചൂടും തണുപ്പും ഏറുമ്പോള്‍ മണ്ണിനടിയില്‍ ദീര്‍ഘകാലം കഴിയും. മഴക്കാലത്ത് പുറത്തിറങ്ങും. ഇണചേരല്‍ കഴിഞ്ഞാല്‍ എട്ടുമുതല്‍ 20വരെ ദിവസത്തിനുള്ളില്‍ മുട്ടയിടും. 100 മുതല്‍ 500വരെ മുട്ടകളാണ് ഒരുതവണ ഇടുക, ഒരുവര്‍ഷത്തില്‍ 1200 മുട്ടകള്‍ വരെ. 15 ദിവസത്തിനുള്ളില്‍ മുട്ടകള്‍ വിരിയും. ആറുമാസത്തിനുള്ളില്‍ പ്രായപൂര്‍ത്തിയാകും. ഏതു കാലാവസ്ഥയെ അതിജീവിക്കാനും എന്തും തിന്നാനുമുള്ള കഴിവാണ് പ്രത്യേകത. രാത്രിയിലാണ് സഞ്ചാരം. അറപ്പുളവാക്കുന്ന രൂപമുള്ള ഇവ പുല്ലുവര്‍ഗ്ഗമൊഴികെ മറ്റെല്ലാം തിന്നും. എണ്‍പതിനായിരത്തോളം പല്ലുകളുള്ള റാഡുല എന്ന അവയവമാണ് ഇവയുടെ വായ. മഹാളി, കൂമ്പുചീയല്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്ന കുമിള്‍ അടങ്ങിയതാണ് ഇവയുടെ കാഷ്ഠം. ഇവയിലുള്ള ബാക്ടീരിയയുടെ സാന്നിധ്യവും മനുഷ്യരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
ആഫ്രിക്കന്‍ ഒച്ചിനെ നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇങ്ങനെ –
👉🏻ഒച്ചുബാധയുള്ള സ്ഥലങ്ങളില്‍നിന്ന് ചെടികള്‍, ജൈവവളം, മണ്ണ്, പണിയായുധങ്ങള്‍, വാഹനങ്ങള്‍ എന്നിവ കൊണ്ടുപോകുമ്പോള്‍ ഒച്ചുകളും മുട്ടകളുമില്ലെന്ന് ഉറപ്പുവരുത്തണം.
👉🏻ഒച്ചുകളെ എടുക്കുമ്പോള്‍ തുണിയോ കയ്യുറയോ ധരിക്കണം.
👉🏻ചപ്പുചവറുകളും മാലിന്യങ്ങളും കൂട്ടിയിടാതിരിക്കുകയും പരിസര ശുചീകരണം ഉറപ്പാക്കുകയും ചെയ്യണം.
👉🏻പുകയിലക്കഷായം-തുരിശ് മിശ്രിതം തളിച്ച് ഒച്ചുകളെ കൊല്ലാം. 25ഗ്രാം പുകയില ഒന്നരലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് ഒരുലിറ്ററായി കുറുക്കണം. ഒരുലിറ്റര്‍ ജലത്തില്‍ 60ഗ്രാം തുരിശ് ലയിപ്പിച്ചുണ്ടാക്കുന്ന ലായനിയുമായി കൂട്ടിക്കലര്‍ത്തി തളിക്കണം
👉🏻അക്ടാര എന്ന കീടനാശിനി ഒരു ലിറ്റര്‍ വെള്ളത്തിന് ഒരുഗ്രാം എന്നനിലയില്‍ തുരിശ് ലായനിയുമായി കലര്‍ത്തി ഉപയോഗിക്കാം.
👉🏻തണുത്ത ചണച്ചാക്കില്‍ പഴങ്ങള്‍ വിതറി ഒച്ചുകളെ ആകര്‍ഷിക്കുകയും കൂട്ടത്തോടെ നശിപ്പിക്കുകയും ചെയ്യാം.
👉🏻കാര്‍ഷിക മേഖലയ്ക്കും പൊതുജനാരോഗ്യത്തിനും ഭീഷണി ഉയര്‍ത്തുന്ന ആഫ്രിക്കന്‍ ഒച്ചുകളെ തുരത്താന്‍ കർശന ജാഗ്രത പുലര്‍ത്തണം. അല്ലെങ്കില്‍ ഒച്ചുകളുടെ വിളനിലമായി കൃഷിയിടങ്ങള്‍ മാറും.