Home അറിവ് ചെവിയുടെ ആരോഗ്യം തകർക്കും വില്ലൻ. ഇയർ ഫോൺ ഉപയോഗിക്കുന്നവർ അറിയാൻ

ചെവിയുടെ ആരോഗ്യം തകർക്കും വില്ലൻ. ഇയർ ഫോൺ ഉപയോഗിക്കുന്നവർ അറിയാൻ

ഫോണുകള്‍ ഉപയോഗിക്കാത്ത ഒരു ദിവസത്തെ പറ്റി ചിന്തിക്കാന്‍ നമുക്ക് ഇന്ന് പ്രയാസമാണ്.

ഫോണിനൊപ്പം തന്നെ നമ്മുടെ കൂടെ കൂടിയിരിക്കുന്ന ഒന്നാണ് ഇയര്‍ഫോണും. പാട്ടു കേള്‍ക്കാനും സിനിമ കാണാനും വല്ലപ്പോഴും ഉപയോഗിച്ചിരുന്ന രീതിയില്‍ നിന്ന് ഇയര്‍ഫോണ്‍ ഇല്ലാതെ പറ്റാത്ത ഒരു അവസ്ഥയാണ് പലര്‍ക്കും ഇപ്പോഴുള്ളത്. എന്നാല്‍ അമിതമായ ഇയര്‍ ഫോണ്‍ ഉപയോഗം വലിയ അപകടത്തിലേക്കാകും നമ്മെ എത്തിക്കുന്നത്. ‌തുടര്‍ച്ചയായ എട്ടും പത്തും മണിക്കൂറുകളാകും പലരും ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത്. മണിക്കൂറുകളോളം നീളുന്ന ഇയര്‍ഫോണ്‍ ഉപയോഗം ചെവിക്ക് വലിയ സമ്മര്‍ദമാകും നല്‍കുന്നത്.

നമ്മുടെ ചെവിക്ക്‌ സ്വാഭാവികമായ ഒരു വൃത്തിയാക്കല്‍ പ്രക്രിയയാണുള്ളത്. ഇയര്‍ കനാലിലെ ചെവിമെഴുക് പതിയെ പുറത്തേക്ക് തള്ളുകയും അതിനൊപ്പം മാലിന്യങ്ങളും പൊടിയുമൊക്കെ ചെവി പുറത്തേക്ക് വിടുകയും ചെയ്യുന്നു.

ഈ വൃത്തിയാക്കല്‍ പ്രക്രിയക്കാകും ഇയര്‍ ഫോണുകള്‍ തടസ്സം സൃഷ്ടിക്കുന്നത് . മാത്രമല്ല തുടര്‍ച്ചയായി ഇയര്‍ ഫോണ്‍ ചെവിക്കുള്ളില്‍ ഇരിക്കുമ്ബോള്‍ ഇയര്‍ കനാലിനുള്ളിലെ ചൂടും ഈര്‍പ്പവും വര്‍ധിക്കുകയും ഇതുവഴി ബാക്ടീരിയ ചെവിക്കുളളില്‍ വളരാനുള്ള സാഹചര്യം സൃഷ്ടിക്കുകയും അണുബാധകള്‍ ഉണ്ടാകുകയും ചെയ്യുന്നു. മാത്രമല്ല ചെവിക്കുള്ളില്‍ പറ്റി പിടിച്ചിരിക്കുന്ന അണുക്കളും പൊടിയും ചെവിയ്ക്കകത്ത് എത്താനുള്ള സാധ്യതയും കൂടുതലാണ്. കേള്‍വിക്കുറവ് പോലുള്ള പ്രശ്നങ്ങളുണ്ടാകാനും ചെവിയില്‍ എപ്പോഴും മുഴക്കമുണ്ടാക്കുന്ന ടിന്നിറ്റസിനും ഇയര്‍ഫോണിന്റെ അമിത ഉപയോഗം വഴിവച്ചേക്കും.അതുകൊണ്ട് തന്നെ ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോൾ കുറച്ച്‌ മുന്‍കരുതല്‍ സ്വീകരിക്കേണ്ടത് അത്യാവശ്യം തന്നെയാണ്.

ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത് ഇയര്‍ ഫോണുകള്‍ ഒരു ദിവസം പരമാവധി ഒരു മണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രമിക്കുക എന്നതാണ്. ആവശ്യം കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ ഇയര്‍ഫോണ്‍ എടുത്ത് മാറ്റുക. ഇയര്‍ ഫോണ്‍ ഇല്ലാത്ത കുറച്ച്‌ സമയം ചെവിക്ക് നല്‍കുന്നത് ചെവിയിലെ മെഴുകിന് അണുക്കളെ നശിപ്പിക്കാനുള്ള അവസരമൊരുക്കും.ഇയര്‍ ഫോണിന്റെ അമിത ഉപയോഗം മൂലം ചെവിയില്‍ ഈര്‍പ്പം കൂടാതിരിക്കാനും ഇങ്ങനെ ചെയ്യുന്നത് പ്രധാനമാണ്. ചെവിക്ക് കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ സോഫ്ട് ബാന്‍ഡ് ഇയര്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

എപ്പോഴും ചെവികള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. പൊടി, വെള്ളം, മെഴുക് എന്നിവ ചെവിയില്‍ അടിഞ്ഞുകൂടാന്‍ അനുവദിക്കരുത്. തീപ്പെട്ടി, പെന്‍സില്‍, ഹെയര്‍പിന്നുകള്‍ തുടങ്ങിയ മൂര്‍ച്ചയുള്ള വസ്തുക്കള്‍ ചെവിയില്‍ ഇടുന്നത് ഒഴിവാക്കുക. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ചെവി വൃത്തിയാക്കാന്‍ എണ്ണയോ മറ്റേതെങ്കിലും ദ്രാവകമോ ചെവിക്കുള്ളില്‍ ഒഴിക്കുന്നത് അപകടത്തിന് ഇടയാക്കിയേക്കും.

ചെവിയില്‍ നീര്‍വീക്കമോ ചെവിയില്‍ നിന്ന് സ്രവങ്ങളോ വന്നാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണാന്‍ ശ്രദ്ധിക്കണം.ചെവി വൃത്തിയാക്കാന്‍ വൃത്തിഹീനമായ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് അണുബാധയ്ക്ക് കാരണമായേക്കും.

ബാഗിലോ പഴ്സിലോ സൂക്ഷിക്കുന്നതിന് പകരം ഇയര്‍ഫോണുകള്‍ ഒരു പായ്ക്കറ്റിലോ മറ്റോ അടച്ച്‌ സൂക്ഷിക്കുന്നതുപോലുള്ള മുന്‍ കരുതലുകളും സ്വീകരിക്കാവുന്നതാണ്.