ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ വ്യാപകമായ ഭേദഗതികള്‍ക്കുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍.പൊതുജനകേന്ദ്രീകൃതമായി വേഗത്തിലും ചെലവു കുറഞ്ഞ രീതിയിലും നീതി ലഭിക്കാനുതകുന്ന വിധത്തില്‍ ഭേദഗതികള്‍ വരുത്തുമെന്നാണു രാജ്യസഭയില്‍ കേന്ദ്ര നിയമമന്ത്രാലയം വ്യക്തമാക്കിയത്.
നിയമഭേദഗതികള്‍ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ഗവര്ണര്മാരില്നിന്നും മുഖ്യമന്ത്രിമാര്‍, ലെഫ്. ഗവര്‍ണര്‍മാര്‍, സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, ഹൈക്കോടതി ചീഫ് ജസ്റ്റീസുമാര്‍, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, സംസ്ഥാന ബാര്‍ കൗണ്‍സിലുകള്‍, എംപിമാര്‍ എന്നിവരോട് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടിയിട്ടുണ്ടെന്നും കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
രാജ്യത്തെ ക്രിമിനല്‍ നടപടിച്ചട്ടങ്ങളില്‍ ഭേദഗതി പഠിക്കാന്‍ ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ അധ്യക്ഷനായ നാലംഗസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിവിധ മേഖലകളില്‍ പെട്ടവരില്നിന്ന് ഒരു ചോദ്യാവലിയിലൂടെ ഈ സമിതി വിവരങ്ങള്‍ ശേഖരിച്ചു. വിശാലമായ ചര്‍ച്ചകള്‍ക്കും പഠനത്തിനും ശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ സമിതി റിപ്പോര്‍ട്ട് നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി