ഉദ്യോഗക്ഷാമം പരിഹരിക്കാന്‍ ഹൃസ്വകാലയളവില്‍ സൈനികരെ നിയമിക്കുന്ന പുതിയ നിയമനരീതി നടപ്പാക്കാനൊരുങ്ങി ഇന്ത്യ.നിയമനം കിട്ടി മൂന്നോ അഞ്ചോ കൊല്ലത്തിന് ശേഷം 50 ശതമാനം സൈനികരും വിരമിക്കുന്ന 2020 ല്‍ രൂപവത്കരിക്കപ്പെട്ട രീതി പിന്തുടരാനാണ് നീക്കം.
ഈ നിയമന രീതി പ്രകാരം 25 ശതമാനം പേര്‍ മൂന്നു കൊല്ലവും 25 ശതമാനം പേര്‍ അഞ്ച് കൊല്ലവും സൈന്യത്തിന്റെ ഭാഗമാകും. ബാക്കി 50 ശതമാനം പേര്‍ സാധാരണ വിരമിക്കല്‍ പ്രായം വരെ സേവനം നടത്തും. എന്നാല്‍ ഹൃസ്വ കാലയളവിന് ശേഷം വിരമിക്കുന്നവര്‍ക്ക് ദേശീയ പെന്‍ഷന്‍ സ്‌കീം വഴി ആനുകൂല്യം നല്‍കണമെന്നാണ് കരട് നിയമം പറയുന്നത്. മെഡിക്കല്‍ ആനുകൂല്യങ്ങള്‍ നിശ്ചിത കാലയളവിലേക്ക് നല്‍കണമെന്നും പറയുന്നുണ്ട്.
പുതിയ നിയമന രീതിയിലൂടെ പെന്‍ഷന്‍ ബില്ലുകള്‍ കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.കോവിഡ് വന്നതോടെ 2020ല്‍ സൈന്യത്തിലേക്കുള്ള റിക്രൂട്ട്‌മെന്‍റ് നിലച്ചിരുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി കിട്ടിയാല്‍ മാത്രമേ നടപടികളിലേക്ക് കടക്കുകയുള്ളു. നിയമന രീതി അംഗീകരിക്കപ്പെട്ടാല്‍ നാവികസേനയിലും ഇന്ത്യന്‍ വായുസേനയിലും നടപ്പാക്കപ്പെട്ടേക്കും.പുതിയ രീതിപ്രകാരമുള്ള നിയമനം സൈനികരുടെ കാര്യത്തില്‍ മാത്രമാണ് സ്വീകരിക്കപ്പെടുക. ഓഫീസര്‍മാരുടെ നിയമനത്തില്‍ പ്രയോഗിക്കപ്പെടില്ല.
നിലവില്‍ സൈന്യത്തില്‍ 7476 ഓഫീസര്‍മാരുടെ കുറവുണ്ടെന്നാണ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പാര്‍ലമെന്‍റില്‍ സമര്‍പ്പിക്കപ്പെട്ട രേഖകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷം നിയമനം നടക്കാത്തതിനാല്‍ 1.1 ലക്ഷം സൈനികരുടെ കുറവുണ്ട് . എല്ലാ മാസവും 5000 ഒഴിവ് വീതം വര്‍ധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.പെന്‍ഷന്‍ ബില്ലുകള്‍ ചുരുക്കാന്‍ പരിശീലന രീതിയിലും മാറ്റം വേണമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിലെ സൗകര്യങ്ങള്‍ ഉപയോഗിച്ച് ഒരേ സമയം 40,000 പേര്‍ക്കാണ് പരിശീലനം നല്‍കാനാകുക. വര്‍ഷതോറും 60000 സൈനികരെങ്കിലും വിരമിക്കുന്നുണ്ട്.
അതേസമയം, ജനറല്‍ ഡ്യൂട്ടിയിലേക്കുള്ള സൈനികര്‍ക്ക് 34 ആഴ്ചയും ട്രേഡ്‌സ്‌മെന്‍ വിഭാഗത്തിലേക്കുള്ളവര്‍ക്ക് 19 ആഴ്ചയുമാണ് പരിശീലനം നല്‍കുന്നത്. അതിനാല്‍ റിക്രൂട്ട്‌മെന്‍റ് വീണ്ടും തുടങ്ങിയാല്‍ തന്നെ ഒഴിവുകള്‍ പൂര്‍ണമായി നികത്താന്‍ 6-7 വര്‍ഷം വേണ്ടി വരും.പുതിയ റിക്രൂട്ട്‌മെന്‍റ് വഴിയെത്തുന്നവര്‍ക്കുള്ള പരിശീലനം 19 ആഴ്ചയായി പരിമിതപ്പെടുത്തുകയാണെങ്കില്‍ പോലും ഒഴിവുകള്‍ നികത്താന്‍ നാലു വര്‍ഷം വേണ്ടി വരും.
അതേസമയം, പുതിയ നിയമന രീതിപ്രകാരം എത്തുന്നവര്‍ മൂന്നും അഞ്ചും വര്‍ഷം കഴിഞ്ഞ് വിരമിക്കുന്നതിനാല്‍ അവരുടെ പകരക്കാര്‍ക്കും പരിശീലനം നല്‍കേണ്ടി വരുന്നതും സൗകര്യങ്ങളുടെ അപര്യാപ്തത സൃഷ്ടിക്കും. എന്നാല്‍ ഈ സൗകര്യക്കുറവ് പരിഹരിക്കാന്‍ മൂന്നു വര്‍ഷം അനുവദിക്കുമെന്നാണ് വിവരം