Home ആരോഗ്യം അമ്മയ്ക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിലും നവജാത ശിശുവിനെ മാറ്റിക്കിടത്തേണ്ട; പഠനം

അമ്മയ്ക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിലും നവജാത ശിശുവിനെ മാറ്റിക്കിടത്തേണ്ട; പഠനം

മ്മയ്ക്ക് കോവിഡ് പോസിറ്റീവ് ആണെങ്കില്‍ നവജാതശിശുവിനെ മാറ്റി കിടത്തേണ്ട ആവശ്യമില്ലെന്ന് തെളിയിക്കുന്ന പഠനം പുറത്ത്. ലണ്ടനിലെ ഇംപീരിയല്‍ കോളജും ഓക്സ്ഫഡ് സര്‍വകലാശാലയിലെ നഫീല്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പോപ്പുലേഷന്‍ ഹെല്‍ത്തും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ തെളിഞ്ഞത്.

നവജാത ശിശുക്കളില്‍ തീവ്രമായ തോതിലുള്ള കോവിഡ്19 അണുബാധ അപൂര്‍വമാണെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2020 മാര്‍ച്ചിനും ഏപ്രിലിനും ഇടയില്‍ കോവിഡ് ബാധിച്ച് യുകെയിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട 29 ദിവസത്തില്‍ താഴെ പ്രായമുള്ള ശിശുക്കളിലാണ് പഠനം നടത്തിയത്. ഇക്കാലയളവില്‍ 66 നവജാത ശിശുക്കള്‍ക്കാണ് കോവിഡ് അണുബാധ മൂലം ആശുപത്രി വാസം വേണ്ടി വന്നത്.

എന്നാല്‍ ഇത് 1785 ജനനങ്ങളില്‍ ഒന്ന് അഥവാ .06 % മാത്രമാണെന്ന് പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഈ 66ല്‍ 17 ശിശുക്കള്‍ക്ക് മാത്രമാണ് അവരുടെ അമ്മമാരില്‍ നിന്ന് ജനിച്ച് ഏഴ് ദിവസത്തിനുള്ളില്‍ കോവിഡ് പടര്‍ന്നത്. ഇവരില്‍ ഏഴു പേര്‍ക്ക് ജനിച്ച ഉടനെ അമ്മമാരില്‍ നിന്ന് മാറ്റി കിടത്തിയിട്ടും കോവിഡ് ഉണ്ടായി. കോവിഡ് പേടിയില്‍ നവജാത ശിശുക്കളെ അമ്മമാരില്‍ നിന്ന് മാറ്റി കിടത്തേണ്ട കാര്യമില്ലെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ 66 നവജാത ശിശുക്കളില്‍ ആരും കോവിഡ് ബാധിച്ച് മരണപ്പെട്ടില്ല. 90 ശതമാനം ശിശുക്കളും പൂര്‍ണ്ണമായും കോവിഡ് ഭേദമായി ആശുപത്രി വിട്ടു. എന്നാല്‍ പ്രായമേറിയ കുട്ടികളെ അപേക്ഷിച്ച് നവജാത ശിശുക്കളില്‍ കൂടുതല്‍ പേര്‍ക്ക്(36 ശതമാനം) തീവ്ര പരിചരണമോ ശ്വസന സഹായമോ വേണ്ടി വന്നു. മുതിര്‍ന്ന കുട്ടികളില്‍ ഇത് 13 ശതമാനമായിരുന്നു. എന്നിരുന്നാലും തീവ്രമായ കോവിഡ് ബാധ നവജാത ശിശുക്കളില്‍ അപൂര്‍വമാണെന്ന് പഠനം അടിവരയിടുന്നു.