Home അറിവ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഒാണത്തിന് 1,000 രൂപ ധനസഹായം

എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഒാണത്തിന് 1,000 രൂപ ധനസഹായം

കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഒാണത്തിന് 1,000 രൂപ ധനസഹായം ലഭിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു. കേരള സാമൂഹ്യ സുരക്ഷ മിഷൻ വഴി പെൻഷൻ ലഭിക്കുന്ന എൻഡോസൾഫാൻ ദുരിതബാധിതർക്കാണ് സഹായം ലഭിക്കുക.

പെൻഷൻ ലഭിക്കുന്ന 5425 എൻഡോസൾഫാൻ ദുരിത ബാധിതർക്ക് ഈ ധനസഹായം ലഭിക്കും. ഇതിനുള്ള അനുമതി സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർക്ക് നൽകിയിട്ടുണ്ട്. കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്കായി കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന സ്നേഹ സാന്ത്വനം പദ്ധതിയ്ക്ക് 19 കോടി രൂപയുടെ ഭരണാനുമതി കഴിഞ്ഞദിവസം നൽകിയിരുന്നു.

ഈ പദ്ധതിയിലൂടെ ദീർഘകാല ചികിത്സ ആവശ്യമുള്ളതും രോഗാവസ്ഥയിലുള്ളവരും തൊഴിലെടുക്കാനാകാതെ വീട്ടിൽ കഴിയുന്നവരായവരിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന വികലാംഗ പെൻഷൻ ലഭിക്കുന്നവർക്ക് 1700 രൂപയും പെൻഷൻ ലഭിക്കാത്തവർക്ക് 2200 രൂപയും എൻഡോസൾഫാൻ ദുരിതബാധിതരായ മറ്റ് രോഗികൾക്ക് 1200 രൂപ വീതവും പ്രതിമാസം ധനസഹായം നൽകുന്നുണ്ട്.