Home ആരോഗ്യം കോവി‍ഡ് വ്യാപനം തടയാൻ മാസ്ക്കിനൊപ്പം ഫേസ് ഷീൽഡ് കൂടി

കോവി‍ഡ് വ്യാപനം തടയാൻ മാസ്ക്കിനൊപ്പം ഫേസ് ഷീൽഡ് കൂടി

കോവിഡ് വ്യാപനം തടയാനുള്ള ഏറ്റവുമധികം ഉപയോ​ഗിക്കുന്ന വസ്തു മാസ്ക് ആണ്. എന്നാൽ ഈ മാസ്കിനൊപ്പം ഫേസ് ഷീൽഡ് കൂടി ഉപയോ​ഗിച്ചാൽ രോഗവ്യാപനം കൂടുതൽ കൃത്യമായി തടയാനാവുമെന്നാണ് പുതിയ ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. രോഗലക്ഷണം ഇല്ലാത്ത കോവിഡ് സാധ്യതയുള്ളവരുമായി ഇടപഴകുന്ന ചെന്നൈയിലെ കമ്യൂണിറ്റി ഹെൽത് വർക്കർമാരുടെയിടയിൽ ഫേസ് ഷീൽഡ് ഉപയോഗത്തിനു മുൻപും പിൻപുമുള്ള രോഗവ്യാപനമാണ് പഠനവിധേയമാക്കിയത്.

ഇൗ പഠനത്തിൽ ഫേസ് ഷീൽഡ് ഉപയോഗം രോഗസാധ്യത വളരെ കുറച്ചതായാണ് കണ്ടെത്തിയത്. കോവിഡ് രോഗികളുടെ ലക്ഷണമില്ലാത്ത കുടുംബാംഗങ്ങൾക്ക് (പ്രാഥമിക കോണ്ടാക്റ്റ്) കൗൺസലിങ് നൽകുകയായിരുന്നു ഇവർ ചെയ്തിരുന്നത്. ഈ കാലയളവ് മുഴുവൻ ഇവർ പ്രത്യേകം മുറികളിലാണ് കഴി‍ഞ്ഞിരുന്നത്. സ്വന്തം വീട്ടിലോ പൊതുസ്ഥലങ്ങളിലോ ഇവർ സന്ദർശനം നടത്തിയില്ല.

ആദ്യഘട്ടത്തിൽ ഇവർ മൂന്നു ലെയർ സർജിക്കൽ മാസ്ക്, ശാരീരിക അകലം പാലിക്കൽ, ഗ്ലൗവ്സ്, ഷൂ കവർ, ഹാൻഡ് റബ് എന്നിങ്ങനെ സ്വയരക്ഷയ്ക്കായുള്ള മാർഗങ്ങളാണ് ഉപയോഗിച്ചിരുന്നത്. മേയ് 1നാണ് കൗൺസലിങ് ആരംഭിച്ചത്. മേയ് 13ആയപ്പോഴേക്കും 222 കോണ്ടാക്റ്റുകൾ പൊസിറ്റീവായി, രണ്ട് ആരോഗ്യപ്രവർത്തകർക്കും ലക്ഷണങ്ങൾ പ്രകടമായി. തുടർന്ന് 62 ആരോഗ്യപ്രവർത്തകരിൽ 12 പേർക്ക് രോഗം ബാധിച്ചു.

മേയ് 20 മുതൽ ബാക്കിയുള്ള 50 ആരോഗ്യപ്രവർത്തകരുടെ സുരക്ഷാ കിറ്റിൽ ഫേസ് ഷീൽഡ് കൂടി ഉൾപ്പെടുത്തി. ഈ ഷീൽഡ് ഒാരോ സന്ദർശനം കഴിയുമ്പോഴും സാനിറ്റൈസ് ചെയ്തു. ദിവസവും ഡിറ്റർജന്റ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ ഇവർ സന്ദർശിച്ച വീടുകളിലെ 2682 ആളുകൾ പൊസിറ്റീവായി. പക്ഷേ, ഒരൊറ്റ ആരോഗ്യപ്രവർത്തകനും കോവിഡ് വന്നില്ല.

ഫേസ് ഷീൽഡ് കണ്ണിലൂടെയുള്ള രോഗവ്യാപനം തടഞ്ഞതാണ് ഇതിന്റെ ഒരു പ്രധാനകാരണമെന്നാണ് ഗവേഷകരുടെ നിഗമനം. കൂടാതെ, ഷീൽഡ് മുഖത്തിനു ചുറ്റുമുള്ള വായുചലനങ്ങളെ വഴിതിരിച്ചുവിടാനും സഹായിച്ചു. വൈറസ് മൈക്രോന്യൂക്ലിയസ് വായുവിൽ തങ്ങി നിന്നാൽ അതു നേരേ ശ്വാസം വഴി ഉള്ളിലെത്താതെ ഫേസ് ഷീൽഡ് തടഞ്ഞുകാണാമെന്ന് ഗവേഷകർ പറയുന്നു.