Home നാട്ടുവാർത്ത കുടിയൻമാരോട് പുല്ലുവില.സർക്കാരിന് പണം മതി.

കുടിയൻമാരോട് പുല്ലുവില.സർക്കാരിന് പണം മതി.

മദ്യപന്മാരെ പിഴിഞ്ഞ് സംസ്ഥാന ഖജനാവിലേക്ക് കോടികൾ വരുമാനം ലഭിക്കുന്നതായി ഏതാനും നാൾ മുമ്പ് വിവരാവകാശരേഖയിലൂടെ സർക്കാർ തന്നെ വെളിപ്പെടുത്തി. കേരളത്തിൽ വിൽക്കുന്ന പല ബ്രാൻഡിലുള്ള മദ്യങ്ങളും കമ്പനികളിൽനിന്ന് വാങ്ങുന്ന വിലയെക്കാൾ എട്ടും പത്തും ഇരട്ടി വിലഈടാക്കിയാണ് വിൽക്കുന്നതെന്ന് കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ നൽകിയ വിവരാവകാശ മറുപടിയിൽ പറയുന്നു.
തിരുവനന്തപുരം സ്വദേശിയായ ഡോ. ജോസ് സെബാസ്റ്റ്യനാണ് വിവിധ മദ്യങ്ങൾ സർക്കാർ എന്തുവില കൊടുത്താണ് വാങ്ങുന്നതെന്നും ബീവറേജ് ഔട്ട്ലെറ്റുകളിൽ എന്തുവിലയ്ക്കാണ് വിൽക്കുന്നതെന്നും ചോദിച്ച് വിവരാകാശ നിയമപ്രകാരം അപേക്ഷ നൽകിയത്. ഇതിന് നൽകിയ മറുപടിയിലാണ് പല മദ്യങ്ങളും വാങ്ങുന്നതിന്റെ പത്തിരിട്ടി വിലയ്ക്കാണ് ബീവറേജ് കോർപ്പറേഷൻ വിൽക്കുന്നത് വ്യക്തമായിരിക്കുന്നത്.
ഒരു ഫുൾ മാൻഷൻ ഹൗസ് അഥവാ എം.എച്ച് 77.36 രൂപയ്ക്കാണ് സർക്കാർ മദ്യക്കമ്പനികളിൽനിന്ന് വാങ്ങുന്നത്. ഇതിന് ബീവറേജ് ഔട്ട്ലെറ്റിലെ വില 820 രൂപയും. പത്തിരട്ടിയിലധികം വില. പ്രമുഖ ബ്രാൻഡുകളായ ഓഫീസേഴ്സ് ചോയ്സിനും ബിജോയ്സിനും ഹണിബീയ്ക്കുമെല്ലാം വാങ്ങുന്നതിനെക്കാൾ 10 ഇരട്ടി വിലയ്ക്കാണ് വിൽക്കുന്നത്. സംസ്ഥാന സർക്കാർ മദ്യത്തിന് ഈടാക്കുന്ന ഉയർന്നനികുതിയാണ് ഇത്രയും വില വരാൻ കാരണം. മദ്യവിൽപ്പനയിലൂടെയാണ് സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും.ലോട്ടറിയാണ് സർക്കാരിന്റെ മറ്റൊരു വരുമാന മാർഗം.ഇതേ സമയം മദ്യവിൽപനയിൽ വൻ ക്രമക്കേട് നടക്കുന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു. ബില്ലില്‍ വില രേഖപ്പെടുത്തിയ ഭാഗം കീറി കളഞ്ഞും മഷി തീര്‍ന്ന ടോണര്‍ ഉപയോഗിച്ചു ബില്ലുകള്‍ പ്രിന്റ് ചെയ്തും ഉപഭോക്താക്കളില്‍നിന്നു യഥാര്‍ഥവിലയേക്കാൾ‌ കൂടുതല്‍ തുക ഈടാക്കുന്നതായും വിജിലന്‍സ് പരിശോധനയില്‍ വ്യക്തമായിരുന്നു.
സ്റ്റോക്കുണ്ടായിരുന്നാലും കമ്മീഷൻ കുറവ് ലഭിക്കുന്ന മദ്യങ്ങൾ സ്റ്റോക്കില്ലെന്ന് പറഞ്ഞ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു. കമ്മീഷൻ കൂടുതൽ ലഭിക്കുന്ന മദ്യങ്ങൾ മാത്രം വില്പന നടത്തുന്നുവെന്ന് തുടങ്ങി വില കൂടിയ മദ്യ ബ്രാൻഡുകൾ പൊട്ടിയതായി കാണിച്ച് അവ കരിഞ്ചന്ത വഴി വില്പന നടത്തുന്നതായും വിദേശ മദ്യ ഔട്ട് ലെറ്റുകളെ കുറിച്ച് പരാതികള്‍ ഉയര്‍ന്നിരുന്നു. ഇനി പത്തിരട്ടിയിലധികം വില നൽകിയും മദ്യം വാങ്ങാൻ നിന്നാലോ മഴ കൊള്ളാതെ നിൽക്കാൻ ഇടം പോലുമില്ല. ബീവറേജസിലെ ജീവനക്കാരുടെ കറുത്ത മുഖം വേറെ.