Home അറിവ് കോവിഡിനെതിരെയുള്ള ​ഗുളികയ്ക്ക് അനുമതി നൽകി ബ്രിട്ടൺ; ലോകരാജ്യങ്ങൾ ‘മോൾനുപിരവിർ’നു പിറകെ

കോവിഡിനെതിരെയുള്ള ​ഗുളികയ്ക്ക് അനുമതി നൽകി ബ്രിട്ടൺ; ലോകരാജ്യങ്ങൾ ‘മോൾനുപിരവിർ’നു പിറകെ

കോവിഡ് ബാധിച്ചവർക്ക് നൽകാനുള്ള ​ഗുളികയ്ക്ക് അനുമതി നൽകി ബ്രിട്ടൺ. അമേരിക്കൻ ഫാർമ കമ്പനി നിർമ്മിക്കുന്ന ‘മോൾനുപിരവിർ’ എന്ന ആൻറിവൈറൽ ഗുളികയ്ക്കാണ് ബ്രിട്ടീഷ് മെഡിസിൻ റെഗുലേറ്റർ അനുമതി നൽകിയത്. കൊവിഡ് ലക്ഷണമുള്ളവർക്ക് ദിവസം രണ്ടുനേരം നൽകാവുന്നതാണ് ഗുളിക. ലോകത്ത് ആദ്യമായാണ് ഒരു ആൻറി വൈറൽ ഗുളിക കൊവിഡ് ചികിൽസയ്ക്കായി ഉപയോഗിക്കാൻ അനുമതി നൽകുന്നത്.

അമേരിക്കൻ ഫാർമ കമ്പനി എംഎസ്ഡിയാണ് ഈ ഗുളിക നിർമ്മിക്കുന്നത്. അംഗീകാരം ലഭിച്ചതോടെ കോടിക്കണക്കിന് ഓർഡറാണ് ബ്രിട്ടൺ നൽകിയിരിക്കുന്നത്. നവംബർ മാസത്തിൽ മാത്രം 4,80,000 കോഴ്സ് ‘മോൾനുപിരവിർ’ ബ്രിട്ടനിൽ ലഭ്യമാകും. കൂടാതെ നിരവധി രാജ്യങ്ങളും മരുന്നു വാങ്ങാനുള്ള തയാറെടുപ്പിലാണ്. അമേരിക്ക, ഓസ്ട്രേലിയ, സിംഗപ്പൂർ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളും നിർമ്മാതാക്കളുമായി കരാർ ഉണ്ടാക്കിയെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്.

കൊവിഡ് ചികിൽസ രംഗത്ത് വലിയ മാറ്റം ഈ ഗുളികയുടെ ഉപയോഗം വരുത്തുമെന്നാണ് ബ്രിട്ടീഷ് ഹെൽത്ത് സെക്രട്ടറി സാജിദ് ജാവേദ് പറയുന്നത്. ഫ്ലൂ ചികിൽസയ്ക്കായി വികസിപ്പിച്ച ഈ മരുന്ന് കൊവിഡ് രോഗികളുടെ എണ്ണം പകുതിയായി കുറയ്ക്കുമെന്നാണ് സൂചന. ലക്ഷണമുള്ളവർ ഈ ഗുളിക ഉപയോഗിക്കുന്നത്, അവർക്ക് ആശുപത്രി വാസം ഒഴിവാക്കാൻ കഴിയും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേ സമയം രോഗലക്ഷണം കാണിച്ചു തുടങ്ങി അഞ്ചു ദിവസത്തിനുള്ളിൽ ഈ മരുന്ന് കഴിക്കുന്നതാണ അഭികാമ്യം എന്നാണ് ഡോക്ടർമാർ പറയുന്നത്.