Home അറിവ് രക്തം വലിച്ചു കുടിയ്ക്കുന്ന അപൂർവ്വ മത്സ്യത്തെ ഓസ്‌ട്രേലിയയിൽ കണ്ടെത്തി

രക്തം വലിച്ചു കുടിയ്ക്കുന്ന അപൂർവ്വ മത്സ്യത്തെ ഓസ്‌ട്രേലിയയിൽ കണ്ടെത്തി

20 വർഷം നീണ്ട തെരച്ചലിന് ഒടുവിൽ ഇരകളുടെ രക്തം വലിച്ചുകുടിയ്ക്കുന്ന വാമ്പയർ ആരൽ മത്സ്യത്തെ ഓസ്‌ട്രേലിയയിൽ കണ്ടെത്തി. ടൂർ ഗൈഡായ സീൻ ബ്ലോക്‌സിഡ്ജാണ് മാർഗരറ്റ് നദിയിൽ വാമ്പയർ ആരൽ മത്സ്യങ്ങളുടെ കൂട്ടത്തെ കണ്ടെത്തിയത്. പൗച്ച്ഡ് ലാംപ്രേസ് എന്നാണ് ഇവയുടെ യഥാർത്ഥ പേര്.

ചുഴി കണക്കേ വൃത്താകൃതിയിൽ നിരന്ന പല്ലുകളാണ് ഇവയുടെ പ്രത്യേകത. ഇവയ്ക്ക് താടിയെല്ലുകൾ ഇല്ല. വാമ്പയർ ആരൽ മത്സ്യങ്ങളുടെ ജീവിതത്തിന്റെ ആദ്യകാലം ശുദ്ധജലത്തിലായിരിക്കും. പിന്നീട് നദിയിൽ നിന്നും ഇവ കടലിലേക്കെത്തും. കടൽ ജീവികളുടെ ശരീരത്തിൽ നിന്നും രക്തം വലിച്ചു കുടിച്ചാണ് പിന്നീടുള്ള ജീവിതം. അതുകൊണ്ടുതന്നെയാണ് ഇവയ്ക്ക് വാമ്പയർ മത്സ്യം എന്ന പേര് വീണു കിട്ടിയതും.

200 മില്യൺ വർഷങ്ങൾക്കു മുകളിലായി ഇവ ഭൂമിയിൽ ഉണ്ടെന്നാണ് ഫോസിൽ പഠനങ്ങൾ സൂചിപ്പിക്കുന്നത്. വായയുടെ ആകൃതി കൊണ്ടും ഭൂമിയിൽ ഇത്രകാലം ജീവിച്ചതും കണക്കിലെടുത്ത് ജീവിച്ചിരിക്കുന്ന ദിനോസറുകൾ എന്നും ഇവ വിശേഷിപ്പിക്കപ്പെടാറുണ്ട്. ദശലക്ഷക്കണക്കിന് വർഷങ്ങളായി ഭൂമിയിലുണ്ടെങ്കിലും നിലവിൽ ഇവ കാലാവസ്ഥാവ്യതിയാനം മൂലം അപകടഭീഷണി നേരിടുകയാണ്.

സഞ്ചാരികളുടെ സംഘങ്ങളുമായി യാത്ര ചെയ്യുന്നതിനിടെ സീൻ പതിവായി വാമ്പയർ ആരൽ മത്സ്യങ്ങൾക്കായി തെരച്ചിൽ നടത്താറുണ്ട്. വെള്ളത്തിൽ ആഴം കുറഞ്ഞ ഭാഗത്ത് നീലനിറത്തിലുള്ള നീണ്ട ഒരു ട്യൂബ് കിടക്കുകയാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ മാർഗരറ്റ് നദിയിൽ ഇത്തരം മാലിന്യങ്ങൾ കണ്ടെത്തുന്നത് സാധാരണമല്ലാത്തതിനാൽ വ്യക്തമായി പരിശോധിക്കാൻ അടുത്തു ചെന്നപ്പോൾ അത്തരത്തിലുള്ള അഞ്ചെണ്ണം കൂടി കണ്ടെത്തി.