Home ആരോഗ്യം പാര്‍ക്കിസണ്‍സ് കുട്ടികള്‍ക്കും വരാം; ലക്ഷണങ്ങള്‍ അറിയാം. ചികിത്സ തേടാം

പാര്‍ക്കിസണ്‍സ് കുട്ടികള്‍ക്കും വരാം; ലക്ഷണങ്ങള്‍ അറിയാം. ചികിത്സ തേടാം

African American boy drawing at home with his mother.

പൊതുവെ പാര്‍ക്കിസണ്‍സ് പ്രായമായവരെ മാത്രം ബാധിക്കുന്ന ഒരു അസുഖമാണെന്നുള്ള ധാരണ നമുക്കെല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ അപൂര്‍വ്വമായാണെങ്കിലും കുട്ടികളെയും പാര്‍ക്കിന്‍സണ്‍സ് ബാധിക്കാറുണ്ട്. ‘ജൂവനൈല്‍ പാര്‍ക്കിന്‍സണ്‍സ്’ എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്.

എന്തുകൊണ്ടാണ് പാര്‍ക്കിന്‍സണ്‍സ് (മുതിര്‍ന്നവരിലായാലും കുട്ടികളിലായാലും) പിടിപെടുന്നത് എന്നതിന് വ്യക്തമായൊരു കാരണം ഇതുവരെയും ശാസ്ത്രലോകത്തിന് കണ്ടെത്താനായിട്ടില്ല. എന്നാല്‍ പാരമ്പര്യഘടകങ്ങള്‍ ഒരു പരിധി വരെ രോഗത്തിന് കാരണമാകുന്നുണ്ടെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്.

കുട്ടികളിലെ പാര്‍ക്കിന്‍സണ്‍സിനും ഏറെയും കാരണമാകുന്നത് പാരമ്പര്യ ഘടകങ്ങള്‍ തന്നെയാണെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ആറ് വയസിലോ അതിന് ശേഷമോ കുട്ടികളില്‍ രോഗം പിടിപെടാം. ചികിത്സകള്‍ കൊണ്ട് രോഗത്തെ കൈകാര്യം ചെയ്ത് കൊണ്ടുപോകാം എന്നല്ലാതെ പൂര്‍ണ്ണമായി ഭേദപ്പെടുത്തുക സാധ്യമല്ല. ദിവസം കൂടും തോറും സാധാരണഗതിയില്‍ നാം ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും രോഗം ബാധിക്കും.

മുതിര്‍ന്നവരുടേതില്‍ കാണപ്പെടുന്ന പാര്‍ക്കിന്‍സണ്‍സ് ലക്ഷണങ്ങള്‍ തന്നെയാണ് കുട്ടികളിലും കാണപ്പെടുന്നത്. അതായത്, രോഗലക്ഷണങ്ങളുടെ കാര്യത്തിലോ രോഗമുണ്ടാക്കുന്ന വിഷമതകളുടെ കാര്യത്തിലേ കാര്യമായ മാറ്റം പ്രായത്തെ അടിസ്ഥാനപ്പെടുത്തി കാണാന്‍ സാധിക്കില്ല.

‘ജൂവനൈല്‍ പാര്‍ക്കിന്‍സണ്‍സ്’ ലക്ഷണങ്ങള്‍

മലബന്ധം.

ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥ.

വിഷാദം.

ഉത്കണ്ഠ.

മൂത്രാശയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍.

ശരീരവണ്ണത്തില്‍ പതിവായ മാറ്റങ്ങള്‍.

ക്ഷീണം.

ഉമിനീര്‍ അമിതമായി വരുന്ന അവസ്ഥ.

ഉറക്കപ്രശ്നങ്ങള്‍ (പകല്‍ അമിത ഉറക്കം- രാത്രി ഉറക്കമില്ലായ്മ)

അല്‍പം കൂടി മുന്നോട്ടുപോയ അവസ്ഥയിലാണെങ്കില്‍ രോഗിയില്‍ വിറയല്‍, ശരീരം വിറങ്ങലിക്കുന്ന അവസ്ഥ, ശരീരത്തിന് വളവ്, നടക്കുമ്പോള്‍ ‘ബാലന്‍സ്’ നഷ്ടമാവുക എന്നിങ്ങനെയുള്ള സാരമായ പ്രശ്നങ്ങളും കാണപ്പെടും.

മരുന്ന്, ഫിസിക്കല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി, ന്യൂറോ സര്‍ജറി തുടങ്ങിയ മാര്‍ഗങ്ങളാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിനെതിരായ ചികിത്സാമാര്‍ഗങ്ങള്‍. ഇവയ്ക്കൊപ്പം തന്നെ ജീവിതരീതിയിലെ ആരോഗ്യകരമായ കാര്യങ്ങളും രോഗിയുടെ നില മെച്ചപ്പെടുത്താം. ആന്റി-ഓകിസ്ഡന്റുകളാല്‍ സമൃദ്ധമായ ഡയറ്റ്, യോഗ, വ്യായാമം തുടങ്ങി പല ‘ജീവിതരീതി’ ഘടകങ്ങളും പാര്‍ക്കിന്‍സണ്‍സ് രോഗിയെ സഹായിച്ചേക്കാം.