എംബിബിഎസ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെ കോവിഡ് പ്രതിരോധത്തില്‍ പങ്കാളിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നൂറ് ദിവസം തികയ്ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിയമനത്തിന് മുന്‍ഗണന നല്‍കുമെന്നും അറിയിച്ചു. കൂടാതെ, ബിഎസ്‌സി, ജിഎന്‍എം നഴ്‌സുമാരെ മുഴുവന്‍ സമയ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കും. കോവിഡ് ചികിത്സയ്ക്ക് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ആവശ്യത്തിന് മെഡിക്കല്‍ ജീവനക്കാര്‍ ഇല്ലാത്ത പ്രശ്നം പരിഹരിക്കാനാണ് പുതിയ തീരുമാനം.
കോവിഡ് ഡ്യൂട്ടിയില്‍ നൂറ് ദിവസം തികയ്ക്കുന്നവര്‍ക്ക് കോവിഡ് നാഷണല്‍ സര്‍വീസ് സമ്മാന്‍ എന്ന പേരില്‍ പ്രധാനമന്ത്രിയുടെ ബഹുമതിയും ലഭിക്കും. സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ ഈ ബഹുമതി ലഭിച്ചവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പ്. ഇവരെ കോവിഡ് ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തും. ഒപ്പം വാക്‌സിനും നല്‍കും.
താല്‍ക്കാലികമായി നിയമിക്കുന്നവരുടെ വേതന കാര്യത്തില്‍ ദേശീയ ആരോഗ്യ പദ്ധതിയുടെ മാനദണ്ഡം പാലിച്ച്, അതതു സംസ്ഥാനങ്ങള്‍ക്കു തീരുമാനമെടുക്കാം. അവസാന വര്‍ഷ എംബിബിഎസ് ബിരുദ വിദ്യാര്‍ഥികളെ ടെലി കണ്‍സള്‍ട്ടേഷന്‍, നേരിയ രോഗലക്ഷണമുള്ളവരെ നിരീക്ഷിക്കല്‍ തുടങ്ങിയ ജോലിക്ക്് അയക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇരുവിഭാഗങ്ങളും മുതിര്‍ന്ന ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുക. ഇതിന് സമാനമായി നഴ്സുമാരുടെ സേവനവും പ്രയോജനപ്പെടുത്തും. ബിഎസ്സി, ജനറല്‍ നഴ്സിങ് പഠിച്ച് പാസായവരെയും സമാനമായ നിലയില്‍ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കും. മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്കായിരിക്കും ഇവരുടെ മേല്‍നോട്ട ചുമതല. അനുബന്ധ ആരോഗ്യപ്രവര്‍ത്തകരുടെ കാര്യത്തില്‍ അവരുടെ സര്‍ട്ടിഫിക്കറ്റുകളുടെയും ലഭിച്ച പരിശീലനത്തിന്റെയും അടിസ്ഥാനത്തില്‍ കോവിഡ് പ്രവര്‍ത്തനങ്ങളില്‍ പ്രയോജനപ്പെടുത്താം.