Home ഭക്ഷണം വീട്ടിൽ വീഞ്ഞുണ്ടാക്കാമോ?

വീട്ടിൽ വീഞ്ഞുണ്ടാക്കാമോ?

കാലാകാലങ്ങളായി വീടുകളിൽ വീഞ്ഞുണ്ടാക്കുന്ന കുടുംബങ്ങളുണ്ട്. ആണ്ടിലൊരിക്കൽ മാത്രം മതപരമായ ആഘോഷത്തിനായി വീട്ടിൽ വീഞ്ഞുണ്ടാക്കുന്നതിനെ കള്ളവാറ്റ് കേസായി കാണില്ല. എന്നാൽ, വൻതോതിൽ വീഞ്ഞുണ്ടാക്കി കച്ചവടം നടത്തിയാൽ എക്സൈസ് ഇടപെടും. വീഞ്ഞിനെയും വീഞ്ഞുണ്ടാക്കിയ കുഞ്ഞിനേയും കസ്റ്റഡിയിലെടുത്ത് അകത്തിടും. സാമൂഹിക മാധ്യമങ്ങളിൽ വീഞ്ഞുണ്ടാക്കൽ പ്രോൽസാഹിപ്പിക്കുന്ന തരത്തിൽ പ്രചാരണങ്ങൾ നടത്തിയാലും എക്സൈസ് നടപടിയെടുക്കും.

വീട്ടിൽ വീഞ്ഞുണ്ടാക്കിയാൽ എക്സൈസുകാർ പിടിക്കില്ലെന്നു കരുതി നാളെ മുതൽ വീഞ്ഞുണ്ടാക്കിക്കളയാമെന്ന് എല്ലാവരും ധരിക്കരുത്. കാരണം, അതു ചായ ഉണ്ടാക്കുംപോലെ നിസ്സാരമായി ചെയ്യാവുന്ന പണിയല്ല. വളരെ സൂക്ഷിച്ച് ക്ഷമയോടെ കാത്തിരുന്നാൽ മാത്രമേ നല്ല വീഞ്ഞു കിട്ടൂ. തണുപ്പുള്ള ക്രിസ്മസ് സീസൺ തന്നെ വേണം വീഞ്ഞുണ്ടാക്കാൻ. ക്രിസ്മസിനു വീഞ്ഞു വേണമെങ്കിൽ നവംബറിലേ പ്ലാനിങ് തുടങ്ങണം.

2 കിലോ മുന്തിരി, ഒന്നര കിലോ പഞ്ചസാര, ഒരു മുട്ടയുടെ വെള്ള, ഒരു പിടി ഗോതമ്പ്, ഓരോ ടീസ്പൂൺ ഗ്രാമ്പൂവും കറുവാപ്പട്ടയും, ഒരു നാരങ്ങയുടെ നീര്, ഒരു ടീസ്പൂൺ ഇൗസ്റ്റ്, 3 ലീറ്റർ തിളപ്പിച്ച ശേഷം തണുപ്പിച്ച വെള്ളം എന്നിവയാണ് മുന്തിരി വീഞ്ഞിന്റെ ചേരുവകൾ. മുന്തിരി, ഞെട്ടിൽ നിന്നടർത്തി നല്ലവണ്ണം കഴുകി ഇൗർപ്പം മാറിയ ശേഷം വേണം ഭരണിയിൽ നിറയ്ക്കാൻ. ഭരണി കഴുകി ഉണക്കിയിരിക്കണം. ഭരണിക്കുള്ളിൽ മുന്തിരിയിട്ട ശേഷം കൈകൊണ്ടു നന്നായി ഞെരടുക. പിന്നെ ബാക്കിയെല്ലാ ചേരുവകളും ചേർത്ത ശേഷം ഭരണി അടയ്ക്കുക. തുണി കൊണ്ടു മൂടിക്കെട്ടുകയും വേണം. ഓരോ ദിവസവും മൂടി തുറന്ന് തടിയോ ചിരട്ടത്തവിയോ കൊണ്ട് പതിയെ ഇളക്കുക. അങ്ങനെ 20 ദിവസം . 21-ാം ദിവസം വീഞ്ഞ് തുണി കൊണ്ട് അരിച്ചെടുക്കാം. നിറം പോരെങ്കിൽ പഞ്ചസാര കരിച്ചു ചേർക്കാം. തുടർന്ന് കുപ്പിയിലടച്ചു സൂക്ഷിക്കാം.