Home അറിവ് അഴിമതി തെളിവ് സഹിതം നല്‍കാന്‍ സര്‍ക്കാര്‍ വെബ്‌സൈറ്റ്

അഴിമതി തെളിവ് സഹിതം നല്‍കാന്‍ സര്‍ക്കാര്‍ വെബ്‌സൈറ്റ്

ജനങ്ങളുടെ പങ്കാളിത്തത്തോടെ അഴിമതി തുടച്ച് നീക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന വെബ്സൈറ്റ് ആണ് ജനജാഗ്രത വെബ്‌സൈറ്റ്. ഇതിന് ഈ പേര് നല്‍കാന്‍ തീരുമാനിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ക്ക് തെളിവുകള്‍ സഹിതം നല്‍കാനായി ആരംഭിക്കുന്ന വെബ്സൈറ്റിന്റെ പേര് നിര്‍ദേശിക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ 740ഓളം വ്യക്തികളാണ് പേരുകള്‍ നിര്‍ദേശിച്ചത്. അതില്‍ നിന്നാണ് ജനജാഗ്രത എന്ന പേര് തെരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഴിമതി തുടച്ചുനീക്കുക എന്നത് ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. പൊതുജനങ്ങള്‍ക്ക് വെബ്സൈറ്റ് മുഖാന്തരം അഴിമതി സംബന്ധിച്ച വിവരങ്ങള്‍ നല്‍കാവുന്നതാണ്.

വെബ്സൈറ്റില്‍ എല്ലാ വകുപ്പുകളുടെയും പേരുകളും ഓരോ വകുപ്പിലേയും ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഉണ്ടാകും. ഏതു വകുപ്പില്‍ ഏതു ലെവലില്‍ അഴിമതി നടന്നാലും ജനങ്ങള്‍ക്കത് അറിയിക്കാന്‍ സാധിക്കും. അത്തരം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഴിമതിക്കെതിരെ ആദ്യഘട്ടത്തില്‍ മുന്‍കരുതല്‍ നടപടികളും പിന്നീട് തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളും വേഗത്തില്‍ സ്വീകരിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പലപ്പോഴും ഭയക്കുന്നത് തങ്ങള്‍ക്കെതിരെ മനഃപൂര്‍വ്വം ചിലരെങ്കിലും വ്യാജ അഴിമതി പരാതികള്‍ നല്‍കുന്നുവെന്നതാണ്. ഈ വെബ്സൈറ്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ ആ ഭയം ഇല്ലാതാകുകയാണ്. യഥാര്‍ത്ഥ പരാതികളും വ്യാജ പരാതികളും തിരിച്ചറിയുന്ന തരത്തിലാണ് വെബ്സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

അതുകൊണ്ട് സത്യസന്ധമായി ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഭയക്കേണ്ടതില്ല. പൂര്‍ണമായി ജനങ്ങളുടെ പിന്തുണയോടുകൂടി മാത്രമേ ഈ പദ്ധതി വിജയത്തിലെത്തിക്കാനാകൂ. സ്മാര്‍ട്ട് ഫോണ്‍ വഴി ഏതൊരാള്‍ക്കും അഴിമതിമുക്ത കേരളത്തിനായി ഇടപെടാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.