കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ബാങ്ക് സ്വകാര്യവത്കരണത്തിനായുളള നിയമ ഭേദഗതി തയാറായി. മണ്‍സൂണ്‍ സമ്മേളനത്തില്‍ ഭേദഗതി അവതരിപ്പിക്കുമെന്നാണ് സൂചന. 1970ലെയും 1980ലെയും ബാങ്കിങ് കമ്പനീസ് ആക്ട് (അക്വിസിഷന്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍ ഓഫ് അണ്ടര്‍ടേക്കിങ്സ് ) ഭേദഗതി ചെയ്തുകൊണ്ട് മാത്രമേ ബാങ്ക് സ്വകാര്യവത്കരണവുമായി സര്‍ക്കാരിനു മുന്നോട്ട് പോകാന്‍ കഴിയു.
രണ്ടു ഘട്ടമായി രാജ്യത്തെ ബാങ്കുകള്‍ ദേശസാത്കരിച്ചത് ഈ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. നാലു പൊതു മേഖലാ ബാങ്കുകളും ഒരു ഇന്‍ഷുറന്‍സ് കമ്പനിയും സ്വകാര്യവത്കരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതുവഴി ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ കണ്ടെത്താനാവുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. സ്വകാര്യവത്കരിക്കേണ്ട ബാങ്കുകള്‍ ഏതൊക്കെയെന്ന ധാരണയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വര്‍ഷം രാജ്യത്തെ പത്തു സ്വകാര്യ മേഖലാ ബാങ്കുകളുടെ ലയിപ്പിച്ച് നാലാക്കി ചുരുക്കിയിരുന്നു. ഇതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം പന്ത്രണ്ട് ആയി. നേരത്തെ ഇത് 27 ആയിരുന്നു.
യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയെയും ഓറിയന്റല്‍ ബാങ്ക് ഒഫ് കൊമേഴ്സിനെയും പഞ്ചാബ് നാഷനല്‍ ബാങ്കുമായാണ് ലയിപ്പിച്ചത്. ഇതോടെ രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായി പിഎന്‍ബി മാറി.
സിന്‍ഡിക്കേറ്റ് ബാങ്കിനെ കാനറാ ബാങ്കുമായും അലഹാബാദ് ബാങ്കിനെ ഇന്ത്യന്‍ ബാങ്കുമായും ലയിപ്പിച്ചു. ആന്ധ്ര ബാങ്കിനെയും കോര്‍പ്പറേഷന്‍ ബാങ്കിനെയും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ചേര്‍ത്തു. വിജയ ബാങ്കും ദേനാ ബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിച്ചു. അതിനു മുമ്പായി അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിച്ചിരുന്നു.