Home പ്രവാസം വ്യാജരേഖ ചമച്ച് ജോലി നേടുന്നവര്‍ക്ക് പണി കിട്ടും; ശിക്ഷ കടുപ്പിച്ച് യുഎഇ

വ്യാജരേഖ ചമച്ച് ജോലി നേടുന്നവര്‍ക്ക് പണി കിട്ടും; ശിക്ഷ കടുപ്പിച്ച് യുഎഇ

അംഗീകൃതമല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പ്രയോജനപ്പെടുത്തുന്നവര്‍ക്ക് യുഎഇയില്‍ തടവും പിഴയും ശിക്ഷ. പുതിയ ഫെഡറല്‍ നിയമത്തിന് ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ (എഫ്എന്‍സി ) അംഗീകാരം നല്‍കി. അനധികൃത അക്കാദമിക് സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മൂന്നു മാസത്തില്‍ കുറയാത്ത തടവും 30000 ദിര്‍ഹം പിഴയുമാണ് ശിക്ഷ.

വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന് തെളിഞ്ഞാല്‍ പ്രതികള്‍ക്ക് ഇതില്‍ ഏതെങ്കിലും ഒരു ശിക്ഷ ലഭിക്കും. യുഎഇയിലെ ഏതെങ്കിലും സ്ഥാപനങ്ങളില്‍ തൊഴില്‍ നേടാനോ മറ്റ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കോ അനധികൃത വിദ്യാഭ്യാസ രേഖകള്‍ സമര്‍പ്പിക്കുന്നവര്‍ക്കാണ് ശിക്ഷ ലഭിക്കുക. താല്‍കാലികമായതോ സ്ഥിര ആവശ്യങ്ങള്‍ക്കോ അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചവരെയും ഉപരി സൂചിക ഫെഡറല്‍ നിയമപ്രകാരം ശിക്ഷിക്കും.

ഏതെങ്കിലും മാധ്യമങ്ങളിലൂടെ അംഗീകൃതമല്ലാത്ത സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരസ്യപ്പെടുത്തുന്നവരും നിയമത്തിന്റെ പരിധിയില്‍ വരും. വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഇഷ്യൂ ചെയ്യുകയോ അത്തരം തട്ടിപ്പുകളുടെ ഭാഗമാവുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും കടുത്ത ശിക്ഷയാണ് പുതിയ ഫെഡറല്‍ നിയമത്തിലുള്ളത്. ഇവര്‍ക്ക് രണ്ടു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കും. 5 ലക്ഷം ദിര്‍ഹമില്‍ കുറയാത്തതും 10 ലക്ഷം ദിര്‍ഹമില്‍ കൂടാത്തതുമായ പിഴയാണ് ചുമത്തുക.

മന:പൂര്‍വം ഇത്തരം പ്രവൃത്തികളില്‍ പങ്കാളികളാകുന്നവര്‍ക്ക് ഏതെങ്കിലും ഒരു ശിക്ഷ ലഭിക്കും. രാജ്യത്തിനകത്തോ പുറത്തോ വച്ച് അനധികൃത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന സ്ഥാപനങ്ങളെ സംബന്ധിച്ച് പരസ്യം ചെയ്യുന്നവര്‍ക്കും സമാന തുകയും തടവുമായിരിക്കും ശിക്ഷയെന്നും പുതിയ നിയമത്തിലുണ്ട്. എഫ്എന്‍സി മേധാവി സ്വഖ്ര്‍ ഗബ്ബാ ഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സിലാണ് നിയമത്തിന് അംഗീകാരം നല്‍കിയത്.