Home വാണിജ്യം പ്രവര്‍ത്തനം നിര്‍ത്താനൊരുങ്ങി യാഹു; ഡിസംബര്‍ 15 മുതല്‍ മെയിലുകള്‍ അയയ്ക്കാനാകില്ല

പ്രവര്‍ത്തനം നിര്‍ത്താനൊരുങ്ങി യാഹു; ഡിസംബര്‍ 15 മുതല്‍ മെയിലുകള്‍ അയയ്ക്കാനാകില്ല

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമുമെല്ലാം സജീവമാകുന്നതിന് വളരേ മുന്‍പ് തന്നെ ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ വിടരാന്‍ കളമൊരുക്കിയ പ്ലാറ്റ്‌ഫോം ആയിരുന്നു യാഹൂ ഗ്രൂപ്പ്സ്. എന്നാലിപ്പോള്‍ യാഹൂ പ്രവര്‍ത്തനം നിര്‍ത്തുന്നു എന്ന സങ്കടകരമായ വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഡിസംബര്‍ 15 മുതല്‍ സേവനങ്ങള്‍ ലഭിക്കില്ലെന്ന് യാഹു ഗ്രൂപ്പ് വ്യക്തമാക്കി.

ഡിസംബര്‍ 15ന് ശേഷം ഉപയോക്താക്കള്‍ക്ക് പുതിയ ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യാനാവില്ല. യാഹു ഗ്രൂപ്പില്‍ നിന്ന് ഇമെയ്ലുകള്‍ അയക്കാനോ, സ്വീകരിക്കാനോ സാധിക്കുകയുമില്ല. 2001 ജനുവരിയിലായിരുന്നു യാഹുവിന്റെ വരവ്. ഗൂഗിള്‍, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകള്‍ വന്നതോടെ യാഹുവിന്റെ ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ കുറവ് വന്നിരുന്നു.

ഡിസംബര്‍ 15 മുതല്‍ യാഹു ഗ്രൂപ്പ് വെബ്സൈറ്റ് തന്നെ നീക്കം ചെയ്യപ്പെടും. എന്നാല്‍ നേരത്തേ യാഹു ഗ്രൂപ്പ് വഴി അയച്ച ഇമെയ്ലുകള്‍ നീക്കം ചെയ്യപ്പെടില്ല. യാഹു ഗ്രൂപ്പുകളെ പണം നല്‍കി ഗൂഗിള്‍ ഗ്രൂപ്പ്സ്, ഗ്രൂപ്പ്സ്ഐഒ പോലുള്ളവയിലേക്ക് എക്സ്പോര്‍ട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് ഗ്രൂപ്പ് അംഗങ്ങളുടെ ഇമെയില്‍ ഐഡികള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. 2017ല്‍ വെറിസോണ്‍ എന്ന കമ്പനി യാഹു ഏറ്റെടുത്തിരുന്നു. എന്നാല്‍ മറ്റ് വാണിജ്യ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ യാഹു ഗ്രൂപ്പിന്റെ ദീര്‍ഘകാല പദ്ധതികളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് വെറൈസണിന്റെ ഉടമസ്ഥതയിലുള്ള കമ്പനി പറയുന്നത്.