Home വാണിജ്യം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇനി ബിഎസ്എന്‍എല്‍ ബ്രോഡ്ബ്രാന്‍ഡ് മാത്രം, നടപടി ഉടന്‍

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇനി ബിഎസ്എന്‍എല്‍ ബ്രോഡ്ബ്രാന്‍ഡ് മാത്രം, നടപടി ഉടന്‍

കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും ഇനി ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് മാത്രമേ ഉപയോഗിക്കാവു എന്ന് കര്‍ശന നിയമം. കേന്ദ്ര സ്വയംഭരണ സ്ഥാപനങ്ങളിലും ഇത് ബാധകമാണ്. ഇന്റര്‍നെറ്റ്, ബ്രോഡ് ബാന്‍ഡ്, ലീസ് ലൈന്‍, എഫ്ടിടിഎച്ച് എന്നിവ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് ബിഎസ്എന്‍എല്ലിന്റേത് മാത്രമായിരിക്കണം എ്ന്നാണ് നിബന്ധന.

ഈ തീരുമാനം എല്ലാ വകുപ്പുകളേയും അറിയിക്കാന്‍ ടെലികോം മന്ത്രാലയത്തെ ചുമതലപ്പെടുത്തി കഴിഞ്ഞു. ഇവര്‍ എല്ലാ വകുപ്പുകള്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. ഈ പുതിയ ഉത്തരവ് ബിഎസ്എന്‍എല്ലിന് വരുമാനവര്‍ധനയുണ്ടാക്കുമെന്നാണ് പ്രതീക്ഷ. സ്വകാര്യ കമ്പനികള്‍ രംഗത്തുവന്ന ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഉത്തരവ് വരുന്നത്.

ബിഎസ്എന്‍എല്‍ പുനരുദ്ധാരണ പാക്കേജിലെ പ്രധാന നിര്‍ദേശങ്ങളിലൊന്നാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്. വരിക്കാരുടെ എണ്ണം കൂട്ടി വരുമാനം കണ്ടെത്തണമെന്ന് പറഞ്ഞപ്പോള്‍, സ്വന്തം ഓഫീസുകളിലും സ്ഥാപനങ്ങളിലും ബിഎസ്എന്‍എല്‍ കണക്ഷന്‍ എത്രത്തോളം ഉണ്ടെന്ന് പരിശോധിക്കണമെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു.

പുനരുദ്ധാരണ പാക്കേജില്‍ പറഞ്ഞതില്‍ ഇനി നടക്കാനുള്ളത് 4ജി സേവനം എത്തിക്കുക എന്നതാണ്. തദ്ദേശീയ കമ്പനികള്‍ക്കു മാത്രമേ ടെന്‍ഡറുകളില്‍ പങ്കെടുക്കാവൂ എന്ന വ്യവസ്ഥയില്‍ തട്ടിയാണ് ഇത് ഇഴയുന്നത്.

രാജ്യത്ത് കേബിള്‍ വഴിയുള്ള കണക്ഷനുകളില്‍ (വയര്‍ലൈന്‍ കണക്ഷന്‍) 40.47 ശതമാനം ബിഎസ്എന്‍എലിന്റേതാണ്. 80,20770 കണക്ഷനുകളാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള എയര്‍ടെല്ലിന് 43 ലക്ഷവും മൂന്നാം സ്ഥാനത്തുള്ള ടാറ്റ ടെലികോമിന് 16 ലക്ഷവുമാണുള്ളത്. കേരളമാണ് ഏറ്റവും കൂടുതല്‍ വയര്‍ലൈന്‍ കണക്ഷനുള്ള സംസ്ഥാനം (13,45,487).