Home ആരോഗ്യം ശ്വാസം മുട്ടലുണ്ടെങ്കില്‍ സൂക്ഷിക്കുക; ദീര്‍ഘകാല കോവിഡ് രോഗികളില്‍ ശ്വാസകോശത്തിന് ക്ഷതം

ശ്വാസം മുട്ടലുണ്ടെങ്കില്‍ സൂക്ഷിക്കുക; ദീര്‍ഘകാല കോവിഡ് രോഗികളില്‍ ശ്വാസകോശത്തിന് ക്ഷതം

ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്ന ദീര്‍ഘകാല കോവിഡ് രോഗികളുടെ ശ്വാസകോശത്തിന് ചില അസ്വാഭാവികതകളുണ്ടെന്ന് കണ്ടെത്തി. ഓക്‌സ്ഫഡ്, ഷെഫീല്‍ഡ്, കാര്‍ഡിഫ്, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളിലെ ഗവേഷകരാണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്. സാധാരണ പരിശോധനകളില്‍ ഈ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കാനാവില്ലെന്നും അവര്‍ പറയുന്നു.

ഹൈപ്പര്‍പോളറൈസ്ഡ് സെനോണ്‍ എംആര്‍ഐ സ്‌കാന്‍ ഉപയോഗിച്ചാണ് ദീര്‍ഘകാല കോവിഡ് രോഗികളിലെ ശ്വാസകോശ ക്ഷതം ഗവേഷകര്‍ തിരിച്ചറിഞ്ഞത്. എക്‌സ്‌പ്ലെയ്ന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ പഠനത്തിന്റെ പരീക്ഷണ ഘട്ടത്തില്‍ മൂന്ന് ഗ്രൂപ്പിലായി 36 പേരാണ് പങ്കെടുത്തത്. ഇവരില്‍ ആദ്യത്തെ സംഘം ദീര്‍ഘകാല കോവിഡ് നിര്‍ണയിക്കപ്പെട്ടവരും സാധാരണ സിടി സ്‌കാന്‍ റിപ്പോര്‍ട്ടുള്ളവരുമാണ്. രണ്ടാമത്തെ സംഘം കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് മൂന്ന് മാസം മുന്‍പെങ്കിലും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടവരാണ്.

ഇവരുടെ സിടി സ്‌കാന്‍ ഫലം സാധാരണ നിലയിലോ ഏറെക്കുറേ സാധാരണനിലയിലുള്ളതോ ആണ്. ഇവരില്‍ ആര്‍ക്കും ദീര്‍ഘകാല കോവിഡും അനുഭവപ്പെടുന്നില്ല. മൂന്നാമത്തെ കണ്‍ട്രോള്‍ ഗ്രൂപ്പില്‍പ്പെട്ടവര്‍ ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തവരും കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാത്തവരുമാണ്.
ഗവേഷണത്തിന്റെ ഭാഗമായി ഇവരെ ഒരു എംആര്‍ഐ സ്‌കാനറില്‍ കിടത്തി ഒരു ലിറ്റര്‍ സെനോണ്‍ വാതകം ശ്വസിപ്പിച്ചു.

ഓക്‌സിജന് സമാനമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന സെനോണിന്റെ ശ്വാസകോശത്തില്‍ നിന്നും രക്തപ്രവാഹത്തിലേക്കുള്ള നീക്കം തുടര്‍ന്ന് റേഡിയോളജിസ്റ്റുകള്‍ നിരീക്ഷിച്ചു. ഇതില്‍ നിന്ന് ദീര്‍ഘകാല കോവിഡ് രോഗികളില്‍ വാതക ചലനം അസ്വാഭാവികമാണെന്ന് കണ്ടെത്തുകയായിരുന്നു.
സിടി സ്‌കാന്‍ വഴി പരിശോധിച്ചപ്പോള്‍ പ്രശ്‌നങ്ങള്‍ കാണാത്ത രോഗികളിലും സെനോണ്‍ പരിശോധനയില്‍ ശ്വാസകോശ ക്ഷതം തിരിച്ചറിഞ്ഞു.

ഈ രോഗികളില്‍ ചിലര്‍ കോവിഡ് മൂലം ആശുപത്രിയില്‍ പോലും പ്രവേശിപ്പിക്കപ്പെടാത്തവരും തീവ്ര ലക്ഷണങ്ങള്‍ വരാത്തവരുമായിരുന്നു എന്ന് എക്‌സ്‌പ്ലെയ്ന്‍ ചീഫ് ഇന്‍വെസ്റ്റിഗേറ്ററും ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ റേഡിയോളജി പ്രഫസറുമായ ഫെര്‍ഗുസ് ഗ്ലീസണ്‍ ചൂണ്ടിക്കാട്ടി. 200 ദീര്‍ഘകാല കോവിഡ് രോഗികളെ ഉപയോഗിച്ച് സമ്പൂര്‍ണ എക്‌സ്‌പ്ലെയ്ന്‍ പഠനം നടത്താനുള്ള ഒരുക്കത്തിലാണ് ഗവേഷകര്‍.