Home നാട്ടുവാർത്ത മദ്യവിൽപനശാലകളിലെ തട്ടിപ്പ്.കുടിയൻമാരെ ഇങ്ങനെ പറ്റിക്കാമോ….

മദ്യവിൽപനശാലകളിലെ തട്ടിപ്പ്.കുടിയൻമാരെ ഇങ്ങനെ പറ്റിക്കാമോ….

മദ്യം വാങ്ങാൻ ഔട്ട്ലെറ്റുകളിൽ പോകുന്നവർക്ക് പരമാവധി വേഗത്തിൽ സാധനം വാങ്ങി മടങ്ങാനാണ് താത്പര്യം. ചിലപ്പോൾ ചോദിച്ച ബ്രാൻഡാവില്ല കിട്ടുക. ചിലപ്പോൾ ബില്ലിലെ തുക യഥാർത്ഥ വിലയേക്കാൾ മാറ്റമുണ്ടാകും. പലരും തർക്കിക്കാൻ നിൽക്കാറില്ല. ഇതേസമയം ബവ്റിജസ്-കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലറ്റുകളില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്നു വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ മാസം ഔട്ട്ലെറ്റുകളിൽ മിന്നല്‍ പരിശോധന നടത്തിയിരുന്നു.
ബില്ലില്‍ വില രേഖപ്പെടുത്തിയ ഭാഗം കീറിക്കളഞ്ഞും മഷി തീര്‍ന്ന ടോണര്‍ ഉപയോഗിച്ചു ബില്ലുകള്‍ പ്രിന്റ് ചെയ്തും ഉപഭോക്താക്കളില്‍നിന്നു യഥാര്‍ഥവിലയേക്കാൾ‌ കൂടുതല്‍ തുക ഈടാക്കുന്നതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. ചില ബ്രാന്‍ഡുകള്‍ പൂഴ്ത്തിവയ്ക്കുന്നതായും കണ്ടെത്തിയിരുന്നു. ഈ തട്ടിപ്പുകൾ തടയാന്‍ ബവ്റിജസ്- കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലറ്റുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്ന് വിജിലന്‍സ് നിർദ്ദേശിച്ചിരുന്നു.
സെല്‍ഫ് സര്‍വീസ് കൗണ്ടറുകളുള്ള മദ്യവില്‍പനശാലകളില്‍ മാത്രമാണ് ഇപ്പോള്‍ നിരീക്ഷണ ക്യാമറകളുള്ളത്. ഇത് എണ്ണത്തില്‍ കുറവാണ്. എല്ലാ മദ്യവില്‍പനശാലകളിലെയും കൗണ്ടറുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്നാണു വിജിലന്‍സിന്റെ അഭിപ്രായം. ജീവനക്കാരെയും മദ്യം വാങ്ങാനെത്തുന്നവരെയും നിരീക്ഷിക്കാനാകുന്ന തരത്തിലായിരിക്കണം ക്യാമറകള്‍ സ്ഥാപിക്കേണ്ടത്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇവ നിരീക്ഷിക്കാനുള്ള കേന്ദ്രീകൃത സംവിധാനമൊരുക്കണം.
മദ്യവില്‍പനശാലകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ നേരത്തെ ആലോചിച്ചിരുന്നെങ്കിലും ചില കേന്ദ്രങ്ങളിൽ നിന്നുള്ള സമ്മര്‍ദത്തെത്തുടര്‍ന്ന് നടപ്പിലായില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് റെക്കോഡ്‌ മദ്യവിൽപനയായിരുന്നു. 14,508 കോടി രൂപയുടെ മദ്യമാണ് വിറ്റത്. അതായത് സംസ്ഥാനത്തിന്‍റെ ആകെ നികുതി വരുമാനത്തിന്‍റെ 23 ശതമാനം ലഭിക്കുന്നത് മദ്യ വിൽപനയിലൂടെ.