Home അറിവ് പരസ്യം പതിച്ച കാരിബാഗിന് നമ്മളെന്തിന് പണം നൽകണം.നിർത്തണം ഈ പകൽക്കൊള്ള.

പരസ്യം പതിച്ച കാരിബാഗിന് നമ്മളെന്തിന് പണം നൽകണം.നിർത്തണം ഈ പകൽക്കൊള്ള.

ഷോപ്പിംഗ് മാൾ, സൂപ്പർ മാർക്കറ്റ്, തുണിക്കട, തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും സാധനം വാങ്ങിയ ശേഷം ബിൽ അടിക്കുമ്പോൾ അതിൽ നമ്മൾ വാങ്ങാത്ത ഒരു സാധനത്തിന് കൂടി വില ചേർത്തിട്ടുണ്ടാകും. കവറിന്റെ വില.
3 രൂപ മുതൽ 20 രൂപ വരെയുണ്ടാകും പലയിടത്തും കവറിന്റെ വില!
എന്നിട്ടോ?
സ്ഥാപനത്തിന്റെ പരസ്യം അച്ചടിച്ച കവറിൽ സാധനമിട്ട് തന്ന് നമ്മളെ അവർ യാത്രയാക്കും!
പിന്നെ കട മുതൽ വീട് വരെ ആ സ്ഥാപനത്തിന്റെ ഒരു ബ്രാൻഡ് അമ്പാസിഡർ ആണ് നമ്മൾ!
പരസ്യം പതിച്ച കാരിബാഗിന് ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കാന്‍ പാടില്ലെന്നതാണ് നിയമം. പ്ലാസ്റ്റിക് നിരോധനത്തിന്റെ മറവില്‍ കേരളത്തിലെ എല്ലാ കടകളും കവറിന് പണം ഈടാക്കുന്നുണ്ട്. ഇരുപത് രൂപവരെ ഈടാക്കുന്നവര്‍ ഉണ്ട്. എന്നാല്‍ പരസ്യം പതിച്ച കവറുകള്‍ക്ക് പണം ഈടാക്കരുതെന്ന ഉത്തരവ് നിലനില്‍ക്കെ കവറില്‍ സ്വന്തം സ്ഥാപനത്തിന്റെ പരസ്യം ലോഗോ അടക്കം പതിച്ച് ഉപഭോക്താക്കളെ പിഴിഞ്ഞ് പണം വാങ്ങുന്നുണ്ട് ചില സ്ഥാപനങ്ങൾ. പ്രത്യേകിച്ച് മാളുകളിലും, ഹൈപ്പർമാർക്കറ്റുകളിലും. കവറിലൂടെ ലാഭം കൊയ്യുന്ന ഭീമന്മാരുടെ കള്ളിക്കളിയെക്കുറിച്ച് സാധാരണക്കാര്‍ക്കിടയില്‍ ധാരണ പോലുമില്ല. പരസ്യമുള്ള കവറിന് പണം ഈടാക്കിയ സംഭവത്തിൽ പല ഉപഭോക്താക്കളും കണ്‍സ്യൂമര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.‍ ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഇതിന്റെ പേരിൽ പിഴയൊടുക്കേണ്ടിയും വന്നിട്ടുണ്ട്. നിലവില്‍ കടകളില്‍ നിന്നും ലഭിക്കുന്ന കവറുകള്‍ക്ക് ഒന്നു മുതല്‍ അഞ്ച് രൂപയോ അതിന് മുകളിലോ ഈടാക്കാറുണ്ട്. പ്രകൃതി സൗഹൃദ ബാഗുകള്‍ക്ക് 20 രൂപ വരേയും ഈടാക്കാറുമുണ്ട്. സാധനങ്ങൾ വാങ്ങി കൗണ്ടറിലെത്തിക്കഴിഞ്ഞാൽ ഈ തട്ടിപ്പിന് മുന്നിൽ ഉപഭോക്താവ് കണ്ണടക്കുകയാണ് പതിവ്. എറണാകുളം ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തിന്റെ ഉത്തരവ് അനുസരിച്ച്, കാശ് വാങ്ങിയാല്‍ കവറില്‍ സ്ഥാപനത്തിന്റെ പരസ്യം പാടില്ലെന്നാണ് വിധി. പരസ്യമില്ലാത്ത പ്ലെയിന്‍ കവര്‍ കൗണ്ടറില്‍ വില്‍പ്പനയ്ക്ക് ലഭ്യമാക്കിയിരിക്കുകയും വേണം. ഉപഭോക്താവിന് സമ്മതമാണെങ്കില്‍ പരസ്യം പതിച്ച കവര്‍ സൗജന്യമായി മാത്രം കച്ചവടക്കാരന് നല്‍കാമെന്നും വിധിയില്‍ പറഞ്ഞിട്ടുണ്ട്. കൊടുക്കുന്ന ബില്‍ നല്ല കടലാസില്‍ ക്വാളിറ്റിയുള്ള മഷിയുപയോഗിച്ച് തെളിച്ചമുള്ള പ്രിന്റായി നല്‍കണമെന്നും ഉത്തരവുണ്ട്. ഇതെല്ലാം അറിഞ്ഞും അറിയാതെയും ഉപഭോക്താക്കള്‍ പറ്റിക്കപ്പെടാന്‍ തയ്യാറായി പര്‍ച്ചേഴ്‌സ് ചെയ്യുന്നു. ഇത്തരം പകല്‍കൊള്ളകളെ ചോദ്യം ചെയ്യുക തന്നെ വേണം.