Home അന്തർദ്ദേശീയം പോര്‍വിമാനങ്ങള്‍ വിന്യസിച്ച്‌ തായ്‌വാന് ചൈനയുടെ യുദ്ധ മുന്നറിയിപ്പ്.

പോര്‍വിമാനങ്ങള്‍ വിന്യസിച്ച്‌ തായ്‌വാന് ചൈനയുടെ യുദ്ധ മുന്നറിയിപ്പ്.

യു.എസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശിച്ചതിന് പിന്നാലെ പോര്‍വിമാനങ്ങള്‍ വിന്യസിച്ച്‌ ചൈനയുടെ മുന്നറിയിപ്പ്.

20ലേറെ ചൈനീസ് പോര്‍വിമാനങ്ങള്‍ തായ്‌വാന്‍ വ്യോമപ്രതിരോധ മേഖലയില്‍ കടന്നതായി തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം പറയുന്നു.അതേസമയം, യുദ്ധസജ്ജരായിരിക്കാന്‍ തായ്‌വാന്‍ സ്വന്തം സൈനികര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മേഖലയിലുള്ള നാല് യുദ്ധക്കപ്പലുകള്‍ അതിര്‍ത്തിയില്‍ അണിനിരത്തി യു.എസും പ്രത്യാക്രമണ സൂചന നല്‍കുന്നുണ്ട്.അതിനിടെ, ലോക സമാധാനത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളി യു.എസാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനിയിങ് ട്വീറ്റ് ചെയ്തു.1.4 ബില്യന്‍ ചൈനീസ് പൗരന്‍മാരെ ശത്രുക്കളാക്കിയിരിക്കുകയാണ് യു.എസ്. ലോകത്തിനു മുന്നില്‍ വലിയ ശക്തിയായി ഭരിക്കാനുള്ള ശ്രമം ലോകത്തിന് ഏറ്റവും വലിയ അപകടം യു.എസാണെന്ന് എല്ലാവരേയും കാണിക്കാനേ ഉതകൂ- അദ്ദേഹം ചൂണ്ടിക്കാട്ടി.ചൈനയെ വെല്ലുവിളിച്ച്‌ യു.എസ് നടത്തുന്ന ഈ നീക്കം നല്ലരീതിയില്‍ അവസാനിക്കില്ലെന്നും ചൈനീസ് വക്താവ് മുന്നറിയിപ്പു നല്‍കി

.യു. എസ്. ഹൗസ് സ്പീക്കർ പെലോസി തായ്‌വാന്‍ സന്ദര്‍ശിക്കുന്നത് തീകൊണ്ട് കളിക്കലാണെന്നും നോക്കിനില്‍ക്കില്ലെന്നും ചൈന ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അതിനിടെ, തായ്‌വാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ചൈനീസ് നഗരമായ സിയാമെനില്‍ കവചിത വാഹനങ്ങള്‍ നീങ്ങുന്നതായും സൂചനയുണ്ട്.തായ്‌വാനില്‍ അമേരിക്കന്‍ പ്രതിനിധി എത്തുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ചൈനയുടെ നിലപാട്. ചൊവ്വാഴ്ച രാത്രി തായ്‌വാനിലിറങ്ങിയ പെലോസി ബുധനാഴ്ച പ്രസിഡന്റുമായി സംഭാഷണം നടത്തും. കാല്‍നൂറ്റാണ്ടിനിടെ ആദ്യമായാണ് മുതിര്‍ന്ന യു.എസ് നേതാവ് തായ്‌വാന്‍ സന്ദര്‍ശിക്കുന്നത്