പണം പിന്‍വലിക്കാന്‍ കഴിയുന്ന എ.ടി.എമ്മുകളെ കുറിച്ച് കേട്ടിട്ടുണ്ടാകും എന്നാല്‍ അരി ലഭിക്കുന്ന റൈസ് എടിഎമ്മുകളെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ… ആവശ്യക്കാർ എടിഎം കൗണ്ടറുകളില്‍ എത്തിയാല്‍ അരി ലഭിക്കുന്ന സംവിധാനം ഒരുക്കിയിരിക്കുന്നത് വിയറ്റ്‌നാം സര്‍ക്കാരാണ്.
കൊറോണ പ്രതിസന്ധയില്‍ നിരവധി ആളുകളുടെ തൊഴില്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരം ഒരു സംവിധാനം ഒരുക്കിയത്. ആറടി അകലം പാലിച്ച് വേണം കൗണ്ടറില്‍ അരി വാങ്ങാന്‍ കാത്ത് നില്‍ക്കാന്‍. ഇങ്ങനെ എത്തുന്നവര്‍ക്ക് പരമാവധി രണ്ട് കിലോ ഗ്രാം വരെ അരി ലഭിക്കും. വിയറ്റ്‌നാമിന്റെ പല ഭാഗങ്ങളിലായി ഇത്തരം റൈസ് എടിഎമ്മുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
വിയറ്റ്‌നാമില്‍ ഇതുവരെ മൂന്നൂറില്‍ താഴെ കൊറോണ കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. ഒരു മരണം പോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ സ്വന്തം നാടിന്റെ രക്ഷയ്ക്ക് വേണ്ടി നിരവധി പ്രവര്‍ത്തനങ്ങളാണ് ചുരുങ്ങിയ നാളുകളില്‍ ജനപ്രതിനിധികള്‍ നടത്തിയത്. സാമൂഹിക അകലം പാലിക്കലും ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങള്‍ താല്ക്കാലിക അടിസ്ഥാനത്തില്‍ അടച്ച് പൂട്ടലും ചെയ്തു. ഇങ്ങനെ ജോലി നഷ്ടപ്പെട്ടവര്‍ ഭക്ഷണത്തിനായി ബുദ്ധിമുട്ട് നേരിടാതിരിക്കാനനാണ് റൈസ് എടിഎമ്മുകള്‍ എന്ന ആശയം മുന്നോട്ട് വെച്ചത്.