കഴിഞ്ഞ അഞ്ചു വര്‍ഷമായി കാണാതായ തന്റെ ഭര്‍ത്താവിനെ അമ്പേഷിച്ച് കണ്ണീരോടെ കാത്തിരിക്കുകയാണ് പ്രിയ എന്ന യുവതി. നിരവധി തവണ പൊലീസില്‍ പരാതിപ്പെട്ടിട്ടും തന്റെ ഭര്‍ത്താവിനെ കണ്ടെത്താനായില്ലെന്ന് ഇവര്‍ പറയുന്നു. കണ്ണൂര്‍ രാമന്തളിയിലെ എം പ്രിയയാണ് ഭര്‍ത്താവ് പുരുഷോത്തമനെ കാത്തിരിക്കുന്നത്.
2015 ജൂണ്‍ 1-ന് വയനാട്ടിലേക്ക് പോയ ഭര്‍ത്താവ് ടി.പി. പുരുഷോത്തമന്‍ പിന്നീട് തിരിച്ചു വന്നില്ലെന്ന് പ്രിയ പറയുന്നു. പൊലീസില്‍ പരാതിപ്പെട്ടു, ബന്ധുക്കളോടും സുഹൃത്തുക്കളോടും പലതവണ തിരക്കിയിട്ടും ആളെ കണ്ടെത്താനായില്ല.
അങ്ങനെയിരിക്കെ 2018 ഡിസംബര്‍ മാസത്തെ പത്രത്തില്‍ ശബരിമല ദര്‍ശനത്തിരക്കിന്റെ ഫോട്ടോയില്‍ പുരുഷോത്തമനെ കണ്ടതായി പ്രിയ പറയുന്നത്. ഇതേ തുടര്‍ന്ന് ഈ ഫോട്ടോ വെച്ച് ജില്ലാ പൊലീസ് മേധാവിക്ക് വീണ്ടും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് എം.എല്‍.എ.യ്ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി കാത്തിരിക്കുകയാണ് പ്രിയ.