Home ആരോഗ്യം ഒമൈക്രോണിന്റെ വകഭേദം അതീവ തന്ത്രശാലി; കണ്ടെത്താന്‍ പ്രയാസമെന്ന് വിദഗധര്‍

ഒമൈക്രോണിന്റെ വകഭേദം അതീവ തന്ത്രശാലി; കണ്ടെത്താന്‍ പ്രയാസമെന്ന് വിദഗധര്‍

കൊറോണ വൈറസിന്റെ ഒമൈക്രോണ്‍ വകഭേദത്തിന്റെ ബി.എ.1, ബി.എ.2, ബി.എ.3 എന്നിങ്ങനെ മൂന്ന് ഉപവകഭേദങ്ങളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ തന്നെ അധികം കേസുകളും ബി.എ.2 വകഭേദം സ്ഥിരീകരിക്കുന്നതാണ്.

യുഎസ് അടക്കം അന്‍പതോളം രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുള്ള ഈ ഉപവിഭാഗമാണ് യഥാര്‍ത്ഥ ഒമൈക്രോണ്‍ പതിപ്പിനേക്കാള്‍ തന്ത്രശാലി. യഥാര്‍ത്ഥ ഒമൈക്രോണ്‍ വകഭേദത്തേക്കാള്‍ ഒന്നരമടങ്ങ് അധികവ്യാപന ശേഷിയുള്ളതാണ് ബി.എ.2 വിഭാഗത്തിലുള്ളവ.

ഏഷ്യയിലും യൂറോപ്പിലുമാണ് ബി.എ.2 കൂടുതലായി കാണപ്പെടുന്നത്. ഇതിന്റെ പ്രത്യേക ജനിതക സ്വഭാവസവിശേഷതമൂലം ഇവയെ കണ്ടെത്തുന്നത് ഏറെ ശ്രമകരവുമാണ്. ഇതേക്കുറിച്ച് ഇപ്പോഴും പല കാര്യങ്ങളിലും വ്യക്തതയില്ലെന്നും ഇവ മറ്റ് അസുഖങ്ങള്‍ക്ക് കാരണമാകുമോ എന്നതടക്കമുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. കൂടുതല്‍ വ്യാപനശേഷി ഉള്ളതാണെങ്കില്‍ തരംഗങ്ങള്‍ കൂടുതലായിരിക്കുമെന്നും ഇത് ഫെബ്രുവരിക്ക് ശേഷവും തുടരുമെന്നുമാണ് വിലയിരുത്തല്‍.

ബിഎ.2ന് ധാരാളം മ്യൂട്ടേഷനുകള്‍ ഉണ്ട്. വൈറസിന്റെ പുറത്തുള്ള സ്പൈക്ക് പ്രോട്ടീനുകളില്‍ 20 എണ്ണം യഥാര്‍ത്ഥ ഒമൈക്രോണിന് സമാനമാണ്. അതേസമയം ഇതില്‍ കാണാത്ത ചില ജനിതകമാറ്റങ്ങള്‍ ഈ ഉപവിഭാഗത്തില്‍ ഉണ്ട്. യഥാര്‍ത്ഥ ഒമൈക്രോണ്‍ വ്യാപിച്ച ഒരു പ്രദേശത്ത് ഈ മ്യൂട്ടേഷനുകള്‍ എത്രത്തോളം ആഘാതമുണ്ടാക്കുമെന്ന് വ്യക്തമല്ല.

നിലവില്‍ ബിഎ 1ഉം ബി.എ.2വും ഒമൈക്രോണിന്റെ ഉപവിഭാഗമായാണ് കണക്കാക്കുന്നത്. അതേസമയം ഇത് കൂടുതല്‍ ആശങ്കയുണ്ടാക്കിയാല്‍ ഒരുപക്ഷെ മറ്റു പേരുകള്‍ നല്‍കാനുള്ള സാധ്യതയും ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നില്ല. ബിഎ 1ഉം ബിഎ2ഉം മൂലമുണ്ടാകുന്ന ലക്ഷണങ്ങളുള്ള അസുഖങ്ങള്‍ക്കെതിരെ കോവിഡ് വാക്സിന്റെ ഫലപ്രാപ്തി സമാനമാണ്. ബൂസ്റ്റര്‍ ഷോട്ട് എടുത്തുകഴിഞ്ഞാല്‍ ബിഎ2 വൈറസിനെതിരെ വാക്സിന് 70ശതമാനം ഫലപ്രാപ്തി ഉണ്ടാകും എന്നാണ് കണ്ടെത്തല്‍.

ആശുപത്രി വാസം ആവശ്യമായി വരുന്ന കേസുകള്‍ പരിശോധിക്കുമ്പോള്‍ യഥാര്‍ത്ഥ ഒമൈക്രോണ്‍ ബാധിച്ചവരും ബി.എ.2 ബാധിതരും തമ്മില്‍ വ്യത്യാസമില്ല എന്നാല്‍ നിലവിലെ ചികിത്സാരീതി ഈ ഉപവിഭാഗത്തിനെതിരെ എത്രമാത്രം വിജയകരമാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. യഥാര്‍ത്ഥ ഒമൈക്രോണ്‍ ബാധിച്ച ഒരാളില്‍ വീണ്ടും ബി.എ.2 ബാധിക്കുമോ എന്നതിനെക്കുറിച്ചും വ്യക്തത ആവശ്യമാണ്. എന്നാല്‍ ഒരിക്കല്‍ ഒമൈക്രോണ്‍ ബാധിച്ചവരില്‍ ഈ ഉപവിഭാഗം ഉണ്ടാക്കുന്ന ആഘാതം കുറവായിരിക്കുമെന്നാണ് കരുതുന്നത്.

വാക്സിന്‍ എടുക്കുക, പൊതു ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ തന്നെയാണ് ഈ വൈറസിനെതിരെയും ഫലപ്രദമാകുക. മാസ്‌ക് ധരിക്കുകയും ആള്‍ക്കൂട്ടം ഒഴിവാക്കി വീട്ടില്‍ കഴിയുകയുമാണ് ഉത്തമം. മഹാമാരി ഇനിയും അവസാനിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് ഈ മ്യൂട്ടേഷന്‍ എന്നും ശാസ്ത്രജ്ഞര്‍ ഓര്‍മ്മിപ്പിച്ചു.