Home അറിവ് ഉത്കണ്ഠയെ ചെറുക്കാം; ഈ നാല് കാര്യങ്ങള്‍ പരീക്ഷിച്ച് നോക്കൂ

ഉത്കണ്ഠയെ ചെറുക്കാം; ഈ നാല് കാര്യങ്ങള്‍ പരീക്ഷിച്ച് നോക്കൂ

ത്കണ്ഠ അഥവാ ‘ആംഗ്സൈറ്റി’ എന്ന മാനസികാവസ്ഥയെ പലപ്പോഴും വേണ്ടത്ര അവബോധമില്ലാതെയാണ് നമ്മള്‍ നേരിടുന്നത്. മാനസികാരോഗ്യത്തിന് നമ്മുടെ ആളുകള്‍ തീരെ വിലകല്‍പ്പിക്കാറില്ല. ഇത് സമൂഹത്തെ ഒന്നടങ്കം ദോഷകരമായി ബാധിക്കാറുണ്ട്. വിഷാദവും ഉത്കണ്ഠയും പോലുള്ള ഏറ്റവും സാധാരണമായ മാനസിക പ്രശ്നങ്ങളെ കുറിച്ച് പോലും കാര്യമായ ധാരണയില്ലാത്തവരാണ് അധികപേരും.

ജീവിതത്തെക്കുറിച്ച് ആധികളില്ലാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ പരിധികളില്ലാതെ ആധികളിലേക്ക് മാത്രമായി ചുരുങ്ങിപ്പോകുന്ന അവസ്ഥയാണ് ഉത്കണ്ഠ അഥവാ ‘ആംഗ്സൈറ്റി’. ചില പരിശീലനങ്ങളിലൂടെ ഒരു പരിധി വരെ ഉത്കണ്ഠ സ്വയം തന്നെ പരിഹരിക്കാനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിന് സഹായകമായ ചില കാര്യങ്ങള്‍ നോക്കാം.

ഉത്കണ്ഠ അനുഭവിക്കുന്നവര്‍ അതില്‍ നിന്ന് ഒഴിഞ്ഞ് മാറുകയോ അതിന് കീഴടങ്ങുകയോ ചെയ്യാതെ അതിനെ മനസിലാക്കി പഠിക്കാനാണ് ശ്രമിക്കേണ്ടത്. എങ്ങനെയാണ് ഉത്കണ്ഠ വരുന്നത്, എന്തിനെക്കുറിച്ചെല്ലാം ആണ് പ്രധാനമായും ഉത്കണ്ഠ തോന്നുന്നത് തുടങ്ങിയ വ്യക്തിപരമായ സവിശേഷതകള്‍ സ്വയം ഒന്ന് പഠിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ഗുണം ചെയ്യും. ഈ അറിവ് ഉത്കണ്ഠ അനുഭവിക്കുമ്പോള്‍ തന്നെ അതിനെ മറികടക്കാന്‍ ഒരു പരിധി വരെ നിങ്ങളെ സഹായിക്കും.

ശാരീരികമായി എന്തെങ്കിലും പ്രവൃത്തികളിലേര്‍പ്പെടുന്നത് ഉത്കണ്ഠയെ പരിഹരിക്കാന്‍ സഹായിക്കും. പതിവായി വ്യായാമം ചെയ്യുകയോ യോഗ പോലുള്ള പരിശീലനത്തിലേര്‍പ്പെടുകയോ ചെയ്യുന്നത് ഉത്കണ്ഠയെ അകറ്റിനിര്‍ത്താന്‍ സഹായിക്കും. വര്‍ക്കൗട്ടിലേര്‍പ്പെടുമ്പോള്‍ ‘എന്‍ഡോര്‍ഫിന്‍’, ‘സെറട്ടോണിന്‍’ തുടങ്ങിയ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടും. ഇവ മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാന്‍ ഏറെ സഹായകമാണ്.

ഭൂതകാലത്തെ കുറിച്ചും ഭാവിയെക്കുറിച്ചും ചിന്താകുലരാകാതെ ഇന്നിനെ അനുഭവിക്കാനും ആസ്വദിക്കാനും ശ്രമിക്കുന്നത് നല്ലതായിരിക്കും. പൊതുവേ ഈ രീതി മാനസികമായി അത്ര ആരോഗ്യകരമല്ല. കഴിയുന്നതും ഈ നിമിഷത്തെക്കൂടി ആസ്വദിച്ചുകൊണ്ട് കടന്നുപോകാന്‍ പരിശീലിക്കുക. ‘മൈന്‍ഡ്ഫുള്‍നെസ്’ ഇത്തരത്തില്‍ പരിശീലിക്കാവുന്ന മാര്‍ഗമാണ്. ഡയറ്റ്, വര്‍ക്കൗട്ട്, ജോലി തുടങ്ങി നിത്യജീവിതത്തില്‍ ഏത് മേഖലയിലും മനസ് അര്‍പ്പിച്ചുകൊണ്ട് ഈ ആസ്വാദ്യകരമായ രീതിയില്‍ മുന്നോട്ടുപോകാവുന്നതാണ്.

നമ്മുടെ ചിന്തകളെ കുറിച്ച് നമുക്ക് തന്നെ ഏകദേശ ധാരണ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. എങ്കില്‍ മാത്രമേ നമ്മുടെ ഉത്കണ്ഠയെ കൈകാര്യം ചെയ്യാന്‍ കഴിയു. ചിന്തകള്‍ നമ്മളെ ഭരിക്കുകയല്ല, മറിച്ച് നമ്മള്‍ ചിന്തകളെ ഭരിക്കുന്ന അന്തരീക്ഷണാണ് ഉണ്ടാകേണ്ടതെന്ന് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നു. ഉദാഹരണത്തിന് എന്തെങ്കിലും ‘നെഗറ്റീവ്’ ആയ ചിന്തകള്‍ നമ്മളില്‍ വരികയാണെങ്കില്‍ അത് ‘നെഗറ്റീവ്’ ആണെന്ന് സ്വയം ഉറപ്പിക്കാനും അത്രയും അപ്രധാനമായി അതിനെ കണക്കാക്കാനും ബുദ്ധിക്ക് സാധിക്കണം. ഇത്തരം പരീക്ഷണങ്ങളെല്ലാം തീര്‍ച്ചയായും സ്വയം തന്നെ ചെയ്ത് പരിശീലിക്കാവുന്നതേയുള്ളൂ.