Home അറിവ് മൊറട്ടോറിയം രണ്ട് വർഷത്തേക്ക് കൂടി നീട്ടാം: കേന്ദ്രസർക്കാരും ആര്‍ബിഐയും സുപ്രീംകോടതിയെ സമീപിച്ചു

മൊറട്ടോറിയം രണ്ട് വർഷത്തേക്ക് കൂടി നീട്ടാം: കേന്ദ്രസർക്കാരും ആര്‍ബിഐയും സുപ്രീംകോടതിയെ സമീപിച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വായ്പാ തിരിച്ചടവിന് പ്രഖ്യാപിച്ച മൊറട്ടോറിയം രണ്ടു വര്‍ഷത്തേക്കു കൂടി നീട്ടാവുന്നതാണെന്ന് കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും സുപ്രീം കോടതിയെ അറിയിച്ചു. മൊറട്ടോറിയം കാലത്തെ തിരിച്ചടവിന് പിഴപ്പലിശ ഈടാക്കുന്നതു സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇക്കാര്യം അറിയിച്ചത്.

കോവിഡ് വ്യാപനം മൂലം സമ്പദ് വ്യവസ്ഥ 23 ശതമാനം മുരടിപ്പു നേരിട്ടു. കടുത്ത പ്രയാസം നേരിടുന്ന മേഖലകള്‍ക്കായി സര്‍ക്കാര്‍ ഇതിനകം തന്നെ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൊറട്ടോറിയം കാലാവധി രണ്ടു വര്‍ഷം വരെ നീട്ടാവുന്നതാണെന്നെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.

മൊറട്ടോറിയം കാലത്ത് നീട്ടിവയ്ക്കുന്ന തിരിച്ചടവിന് പിഴപ്പലിശ ഈടാക്കുന്നതു സംബന്ധിച്ച് നാളെ വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചിട്ടുണ്ട്. പിഴപ്പലിശ ഈടാക്കുന്നതിനെതിരെ ബെഞ്ച് നേരത്തെ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. മൊറട്ടോറിയത്തിന്റെ ലക്ഷ്യം തന്നെ ഇല്ലാതാക്കുന്നതാണ് പിഴപ്പലിശ ഈടാക്കുന്നതിലൂടെ സംഭവിക്കുന്നത് എന്നായിരുന്നു കോടതിയുടെ പരാമര്‍ശം.