Home അറിവ് സെപ്റ്റംബറിൽ 67 ശതമാനത്തിന്റെ വർധന; എസ്ബിഐയ്ക്ക് റെക്കോർഡ് ലാഭം

സെപ്റ്റംബറിൽ 67 ശതമാനത്തിന്റെ വർധന; എസ്ബിഐയ്ക്ക് റെക്കോർഡ് ലാഭം

പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയ്ക്ക് എക്കാലത്തേയും മികച്ച ലാഭം. സെപ്റ്റംബർ മാസത്തിലെ അറ്റാദായത്തിൽ 67 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. 7627 കോടി രൂപയാണ് നടപ്പുസാമ്പത്തികവർഷത്തിലെ രണ്ടാം പാദത്തിൽ എസ്ബിഐ നേടിയ ലാഭം. മുൻ സാമ്പത്തികവർഷത്തിൽ ഇതേകാലയളവിൽ 4574 കോടി രൂപയായിരുന്നു ലാഭം.

പലിശവരുമാനം വർധിച്ചത് അടക്കമുള്ള ഘടകങ്ങളാണ് അറ്റാദായത്തിൽ പ്രതിഫലിച്ചതെന്ന് ബാങ്ക് അറിയിച്ചു. ആസ്തിയുടെ ഗുണമേന്മയും വർധിച്ചു. വായ്പാ നഷ്ടവുമായി ബന്ധപ്പെട്ട് നീക്കിവെയ്ക്കുന്ന തുകയുടെ അളവ് കുറഞ്ഞതാണ് അറ്റാദായം ഉയരാൻ ഇടയാക്കിയത്. സെപ്റ്റംബർ പാദത്തിൽ 46.33 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. 2699 കോടി രൂപയാണ് വായ്പാ നഷ്ടവുമായി ബന്ധപ്പെട്ട് പ്രൊവിഷൻസ് എന്ന പേരിൽ നീക്കിവെച്ച തുക.

40 കോടിയിൽപ്പരം ഇടപാടുകാരാണ് ബാങ്കിനുളളത്. സെപ്റ്റംബർ പാദത്തിൽ പലിശവരുമാനത്തിൽ മാത്രം 31,184 കോടി രൂപയാണ് ലഭിച്ചത്. നിക്ഷേപത്തിൽ 9.77 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തിയതായും ബാങ്ക് അറിയിച്ചു.