Home അറിവ് റിസര്‍വേഷന്‍ കാന്‍സലേഷന്‍ നിരക്കുകളില്‍ ഇളവ്; കെഎസ്ആര്‍ടിസിയുടെ പുതിയ ഓഫറുകളറിയാം

റിസര്‍വേഷന്‍ കാന്‍സലേഷന്‍ നിരക്കുകളില്‍ ഇളവ്; കെഎസ്ആര്‍ടിസിയുടെ പുതിയ ഓഫറുകളറിയാം

പുതുവത്സരത്തില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന് കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. റിസര്‍വേഷന്‍ നിരക്കും കാന്‍സലേഷന്‍ നിരക്കും കുറച്ചു. റിസര്‍വേഷന്‍ നിരക്ക് 10 രൂപയാക്കിയാണ് കുറച്ചത്.

ഇളവുകളുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള റിസര്‍വേഷന്‍ നിരക്ക് 30 രൂപയില്‍ നിന്നും 10 രൂപയായി കുറച്ചു. കൂടാതെ 72 മണിക്കൂര്‍ മുമ്പ് വരെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിന് ചാര്‍ജ് ഈടാക്കില്ല. 72 മണിക്കൂറിനും, 48 മണിക്കൂറിനും ഇടയില്‍ ക്യാന്‍സല്‍ ചെയ്താല്‍ അടിസ്ഥാന നിരക്കിന്റെ 10 ശതമാനവും, 48 മണിക്കൂറിനും 24 മണിക്കൂറിനും ഇടയില്‍ 25 ശതമാനവും, 24 മണിക്കൂറിനും 12 മണിക്കൂറിനും ഇടയില്‍ 40 ശതമാനവും, 12 മണിക്കൂറിനും, രണ്ട് മണിക്കൂറിനും ഇടയില്‍ ക്യാന്‍സല്‍ ചെയ്താല്‍ അടിസ്ഥാന നിരക്കിന്റെ 50 ശതമാനവും ക്യാന്‍സലേഷന്‍ നിരക്ക് നല്‍കിയില്‍ മതിയാകും. ബസ് പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിനുള്ള ക്യാന്‍സലേഷന്‍ അനുവദിക്കില്ല.

നാലുപേരില്‍ കൂടുതല്‍ യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഒരു ടിക്കറ്റിന്റെ റിസര്‍വേഷന്‍ നിരക്ക് മാത്രമേ ഈടാക്കൂ. കൂടാതെ മടക്കയാത്ര ടിക്കറ്റ് ഉള്‍പ്പെടെ ഒരുമിച്ച് ബുക്ക് ചെയ്താല്‍ അടിസ്ഥാന നിരക്കിന്റെ 10 ശതമാനം ഇളവും അനുവദിക്കും. അന്തര്‍സംസ്ഥാന സര്‍വിസില്‍ റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് ബുക്ക് ചെയ്ത ഡെസ്റ്റിനേഷന്‍ പോയന്റില്‍ എത്തിച്ചേരുന്നതിന് കെഎസ്ആര്‍ടിസിയുടെ ലഭ്യമായ എല്ലാ സര്‍വിസുകളിലും സൗജന്യ യാത്രയും അനുവദിക്കും.

ഇതിന് വേണ്ടി യാത്രാരേഖയും ഐഡി കാര്‍ഡും കണ്ടക്ടറെ ബോധ്യപ്പെടുത്തണം. ബസ് പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിനുള്ളില്‍ 30 കിലോ മീറ്റര്‍ വരെയാണ് ഈ സൗജന്യം ലഭിക്കുകയുള്ളൂ. കെഎസ്ആര്‍ടിസിയുടെ ഫ്രാഞ്ചൈസി/കൗണ്ടര്‍ വഴി റിസര്‍വ് ചെയ്യുന്ന ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് യാത്രാ തിയതി ചില നിബന്ധനകള്‍ക്ക് വിധേയമായി മുന്നോട്ടോ, പിന്നോട്ടോ മാറ്റി നല്‍കും. ലിങ്ക് ടിക്കറ്റ് സംവിധാനത്തിലൂടെ ദീര്‍ഘദൂര യാത്രക്കാരന് തന്റെ യാത്ര അപ്പോള്‍ നിലവിലുള്ള രണ്ട് ബസുകളിലായി ഷെഡ്യൂള്‍ ചെയ്യാനും സാധിക്കും.