Home ആരോഗ്യം ഭക്ഷണം കഴിക്കാനെടുക്കുന്ന സമയവും ശരീരഭാരവും

ഭക്ഷണം കഴിക്കാനെടുക്കുന്ന സമയവും ശരീരഭാരവും

തിരക്ക് പിടിച്ച ഒരു ജീവിതരീതിയാണ് ഇന്ന് മിക്കവര്‍ക്കുമുള്ളത്. ഇതിനിടെ ഭക്ഷണം ആസ്വദിച്ച് കഴിക്കാനുള്ള സമയമൊന്നും ആര്‍ക്കുമില്ല. സമയക്കുറവിനടയില്‍ ഭക്ഷണം കഴിക്കാനുള്ള സമയം കൂടെ വെട്ടിച്ചുരുക്കുമ്പോള്‍, അത് കൊണ്ടു ഉണ്ടാവുന്ന ദോഷങ്ങളെ കുറിച്ച് പലര്‍ക്കും വലിയ അറിവില്ലെന്ന് തോന്നുന്നു.

നിങ്ങള്‍ എത്ര വേഗത്തില്‍ ഭക്ഷണം കഴിക്കുന്നു എന്നത് നിങ്ങളുടെ ശരീരഭാരത്തെ സ്വാധീനിക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വളരെ വേഗത്തില്‍ ഭക്ഷണം കഴിക്കുന്നവരില്‍ വണ്ണം കൂടാന്‍ സാധ്യതയുണ്ടെന്നാണ് പല പഠനങ്ങളും പറയുന്നത്.

അതിവേഗം ഭക്ഷണം കഴിക്കുമ്പോള്‍, തലച്ചോറിന് ഭക്ഷണം കഴിക്കാന്‍ തുടങ്ങി എന്നുള്ളതും വയറ് നിറഞ്ഞു എന്നുള്ളതുമായ സന്ദേശങ്ങള്‍ കൈമാറുന്നതിന് വേണ്ടത്ര സമയം കിട്ടുകയില്ല. നമ്മുടെ വയറ് നിറഞ്ഞു എന്നുള്ള സന്ദേശം തലച്ചോറില്‍നിന്ന് സംപ്രേഷണം ചെയ്തുവരുമ്പോഴേക്കും നമ്മള്‍ അമിതമായി ഭക്ഷണം കഴിച്ചിരിക്കും.

അതുവഴി വണ്ണം കൂടാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഡയറ്റ് ചെയ്യുന്നവര്‍, ഭക്ഷണം പതുക്കെ ചവച്ചരച്ച് കഴിക്കുന്നതാണ് നല്ലത്. ചവച്ചു കഴിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള ഭക്ഷണം മാത്രമായിരിക്കും കഴിക്കുക. ഭക്ഷണം ചവച്ചരച്ച് കഴിക്കുന്നത് ദഹനപ്രക്രിയ എളുപ്പമാകാനും സഹായിക്കും.