Home പ്രവാസം കുവൈത്തില്‍ ആയിരക്കണക്കിന് വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി.

കുവൈത്തില്‍ ആയിരക്കണക്കിന് വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി.

നിയമ വിധേയമല്ലാതെ ഡ്രൈവിങ് ലൈസൻസ് നേടിയവരുടെ അംഗീകാരം കുവൈത്ത് സർക്കാർ കൂട്ടത്തോടെ റദ്ദാക്കി. ആയിരക്കണക്കിന് വിദേശികളുടെ ലൈസൻസ് ആണ് റദ്ദാക്കിയത്. കൂടുതൽ ലൈസൻസുകൾ റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.

ഡ്രൈവിങ് ലൈസൻസ് അനുവദനീയമായ തസ്തികയിൽ ജോലി ചെയ്യുമ്പോൾ ലഭിച്ച ലൈസൻസ് തസ്തിക മാറിയിട്ടും തിരിച്ചേൽ‌പിക്കാത്തവരും അനധികൃത രീതിയിൽ ലൈസൻസ് സമ്പാദിച്ചവരുമായ 37,000 പേരുടെ ലൈസൻസാണ് പിൻ‌വലിച്ചത്. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ഗതാഗത വകുപ്പിന്റെ വിവിധ മേഖലകളിലുള്ള ഓഫീസുകൾ വഴി വിതരണം ചെയ്തതാണ് ഈ ലൈസൻസുകൾ.

നിയമവിധേയമായി വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് കുവൈത്തിൽ ഉപാധികളുണ്ട്. ചില തസ്തികകളിൽ ജോലി ചെയ്യുന്നതിന് ഉപാധികൂടാതെ ലൈസൻസ് അനുവദിക്കുകയും ചെയ്യും. സാധാരണഗതിയിൽ പ്രതിമാസം 600 കുവൈത്ത് ദിനാർ ശമ്പളം, ബിരുദം, കുവൈത്തിൽ രണ്ട് വർഷം താമസം എന്നിവയാണ് ഉപാധി. ഈ മാനദണ്ഡങ്ങൾക്ക് പുറത്തുള്ളവരും അനധികൃത രീതിയിൽ ലൈസൻസ് സമ്പാദിക്കാറുണ്ട്. ഉപാധികൾ ആവശ്യമില്ലാത്ത തസ്തികകളിൽ ജോലി ചെയ്യുമ്പോൾ ലഭിച്ച ഡ്രൈവിങ് ലൈസൻസ് മറ്റു തസ്തികകളിലേക്ക് ജോലി മാറിയാൽ സറണ്ടർ ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാൽ ഗാർഹികതൊഴിൽ വീസയുടെ ബലത്തിൽ ലഭിച്ച ലൈസൻസ് ഉൾപ്പെടെ പിന്നീട് തൊഴിൽ മാറിയാൽ ആരും തിരിച്ചേൽ‌പിക്കാറില്ലെന്ന് അധികൃതർ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇത്തരക്കാരുടെ ലൈസൻസ് പിൻ‌വലിക്കുന്ന നടപടി ആരംഭിച്ചത്.