Home ആരോഗ്യം പുകവലി നിർത്തിയാലോ…?

പുകവലി നിർത്തിയാലോ…?

പുകവലി നിർത്തണമെന്ന് ആഗ്രഹമുണ്ടെങ്കിൽ പ്രായോഗികമാക്കാൻ ഇതാ ചില വഴികൾ.

ഇനി പുകവലിക്കില്ലെന്ന ഉറച്ച തീരുമാനമാണ് ആദ്യം വേണ്ടത്. പുകവലിക്കാനുള്ള പ്രവണത ഉണ്ടാവുമ്പോൾ മനസ്സ് നിയന്ത്രിക്കാൻ ശീലിക്കുക. വെറും വാക്ക് മാത്രമാവരുത്, മനസ്സും പുകവലി നിർത്താനായി സജ്ജമാവണം.

ജോലിക്കിടയിലോ മറ്റോ ഉണ്ടാവുന്ന സമ്മർദ്ദം കുറയ്ക്കാനാണ് പലരും പുകവലിച്ചു തുടങ്ങുന്നത്. എന്നാൽ പുകവലി സമ്മർദ്ദത്തിന് യാതൊരുവിധത്തിലുമുള്ള കുറവും വരുത്തുന്നില്ല. പകരം ആരോഗ്യത്തിന് ഒരു ശതമാനം പോലും ഗുണം നൽകുന്നില്ല താനും. അപ്പോൾ എന്തുകൊണ്ടും നല്ലത് പുകവലി നിർത്തി ടെൻഷൻ അകറ്റാനുള്ള മറ്റ് വഴികൾ നോക്കുന്നതല്ലേ?

ഏകാഗ്രമായിരിക്കൽ, ധ്യാനം, യോഗം എന്നിവ ശീലമാക്കി സമ്മർദ്ദമകറ്റാം. ജോലിക്കിടയിലാണെങ്കിൽ ഇടയ്ക്ക് പാട്ടു കേട്ടോ സംസാരിച്ചോ സമ്മർദ്ദം നിയന്ത്രിക്കാൻ ശ്രമിക്കാം.

പുകവലിക്കാൻ തോന്നുമ്പോൾ മറ്റെന്തെങ്കിലും വായിലിട്ട് ചവയ്ക്കുന്നത് പുകവലി നിയന്ത്രിക്കാൻ സഹായിക്കും. പുതിനയോ ഗ്രാമ്പുവോ ഏലയ്ക്കായോ ച്യൂയിംഗമോ പുകവലിക്കാൻ തോന്നുന്ന സമയത്ത് വായിലിടാം.

പുകവലിക്കാർക്കൊപ്പമുള്ള കൂട്ട് നിങ്ങളെ വീണ്ടും ഈ ശീലത്തിലേക്ക് വലിച്ചിഴച്ചേക്കാം. അതിനാൽ പുകവലി ഉപേക്ഷിക്കാൻ തീരുമാനിച്ചവർ പുക വലിക്കുന്നവരിൽ നിന്ന് പരമാവധി മാറി നിൽക്കണം.

പുകവലി നിർത്താൻ തീരമാനിക്കുമ്പോൾ നിക്കോട്ടിൻ, ശരീരത്തിൽ നിന്നും പിൻവാങ്ങുന്നതു മൂലം ചില പിൻവാങ്ങൽ ലക്ഷണങ്ങൾ ഉണ്ടാകാം. ഏതാനും ദിവസങ്ങളോ ആഴ്ചകളോ ഇതുണ്ടായേക്കാം. സാധാരണയായി പ്രകടമാകുന്ന നിക്കോട്ടിൻ വിത്ത്ഡ്രോവൽ സിംപ്റ്റംസ് ഇവയാണ്. സിഗരറ്റിനോടുള്ള ആസക്തി, ദേഷ്യം, ഉത്കണ്ഠ, ശ്രദ്ധക്കുറവ്, ദാഹം, തലവേദന, ഉറക്കമില്ലായ്മ, വിറയൽ, ചുമ, ക്ഷീണം, മലബന്ധം, വയറ്റിൽ അസ്വസ്ഥത, വിഷാദം, ഹൃദയമിടിപ്പിന്റെ നിരക്ക് കുറയുക. ഇവയെല്ലാം താൽക്കാലികം മാത്രമാണ് എന്നോർക്കുക. ഏതാനും ആഴ്ചകൊണ്ട് ശരീരം വിഷാംശങ്ങളെ എല്ലാം പുറന്തള്ളുമ്പോൾ ഈ ലക്ഷണങ്ങളെല്ലാം അപ്രത്യക്ഷമാകും.