Home വിദ്യഭ്യാസം നീറ്റ് പരീക്ഷ നാളെ; 15.19 ലക്ഷം പേര്‍ പരീക്ഷയ്ക്ക്, എഴുതാത്തവര്‍ക്ക് വീണ്ടും അവസരം ലഭിക്കില്ല

നീറ്റ് പരീക്ഷ നാളെ; 15.19 ലക്ഷം പേര്‍ പരീക്ഷയ്ക്ക്, എഴുതാത്തവര്‍ക്ക് വീണ്ടും അവസരം ലഭിക്കില്ല

ഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റ് എക്സാം നാളെ നടക്കും. നാളെ ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ച് വരെയാണ് പരീക്ഷാ സമയം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, അങ്കമാലി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെ 12 കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തോളം കുട്ടികള്‍ പരീക്ഷയെഴുതും.

രാജ്യത്താകെ 15.19 ലക്ഷം പേരാണ് പരീക്ഷയെഴുതുന്നത്. നാളെ പരീക്ഷയെഴുതാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വീണ്ടും പരീക്ഷ നടത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. നീറ്റും ജെഇഇയും മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ നല്‍കിയ പുന:പരിശോധനാ ഹര്‍ജികളും സുപ്രീംകോടതി തള്ളി.

ജൂണ്‍ 5ന് ഫലം പ്രസിദ്ധീകരിക്കും. ദേശീയ പരീക്ഷാ ഏജന്‍സിയുടെ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ഹാള്‍ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും ഹാള്‍ ടിക്കറ്റിലുള്ള അതേ ഫോട്ടോയും വിദ്യാര്‍ത്ഥികളുടെ കൈവശം വേണം. ഒന്നരയ്ക്ക് മുമ്പ് ഹാളില്‍ പ്രവേശിക്കണം. ഡ്രസ് കോഡ് കൃത്യമായി പാലിക്കണം. അരക്കൈ വസ്ത്രങ്ങള്‍, ഹീല്‍ കുറഞ്ഞ ചെരുപ്പുകള്‍ എന്നിവ ഉപയോഗിക്കണം.

ആണ്‍കുട്ടികള്‍ ഇളം നിറത്തിലുള്ള ഷര്‍ട്ടും പാന്റ്‌സുമാണ് ധരിക്കേണ്ടത്. ഫുള്‍ സ്ലീവ് വസ്ത്രങ്ങള്‍, ജീന്‍സ്, ലെഗിന്‍സ് എന്നിവ പാടില്ല. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിക്കാം. ഹാള്‍ടിക്കറ്റിനും ഫോട്ടോ പതിച്ച ഐഡി കാര്‍ഡിനും ഒപ്പം കോവിഡ് നെഗറ്റീവ് ആണെന്ന സ്വയം സാക്ഷ്യപത്രവും ഉദ്യോഗാര്‍ത്ഥികള്‍ കയ്യില്‍ കരുതണം.

സുതാര്യമായ വെള്ളക്കുപ്പി, 50 എംഎല്‍ സാനിറ്റൈസര്‍ ബോട്ടില്‍ എന്നിവ ഹാളില്‍ അനുവദിക്കും. ഇലക്ട്രോണിക് ഉപകരണങ്ങള്‍, വലിയ ഡയലുള്ള വാച്ച്, കാല്‍ക്കുലേറ്റര്‍ എന്നിവ അനുവദിക്കില്ല. മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കണം.