Home ആരോഗ്യം പ്ലാസ്മ തെറാപ്പി കോവിഡ് മരണങ്ങള്‍ കുറയ്ക്കില്ല: പഠനവുമായി ഐസിഎംആര്‍

പ്ലാസ്മ തെറാപ്പി കോവിഡ് മരണങ്ങള്‍ കുറയ്ക്കില്ല: പഠനവുമായി ഐസിഎംആര്‍

ന്യൂഡല്‍ഹി: പ്ലാസ്മ തെറാപ്പി കോവിഡ് മരണങ്ങള്‍ കുറയാന്‍ സഹായിക്കില്ലെന്ന് ഐസിഎംആര്‍ പഠനം. ഇന്ത്യയിലെ 39 പൊതു, സ്വകാര്യ ആശുപത്രികളില്‍ പ്ലാസ്മ തെറാപ്പിയുടെ ഫലപ്രാപ്ത്തി അന്വേഷിച്ച് നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്കെത്തിയത്. ഏപ്രില്‍ 22 മുതല് ജൂലൈ 14 വരെയാണ് സമാന്തര രണ്ടാം ഘട്ട ട്രയല്‍ നടത്തിയത്.

1210 രോഗികളില്‍ നിന്ന് ക്രമം പാലിക്കാതെ തിരഞ്ഞെടുത്ത 464 പേരിലാണ് പഠനം നടത്തിയത്. കോവിഡ് 19 സ്ഥിരീകരിച്ച് ആശുപത്രികളിലായിരുന്ന രോഗികളിലാണ് ട്രയല്‍ നടന്നത്. എന്നാല്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയ ഒരാളുടെ രക്തത്തില്‍ നിന്ന് ആന്റിബോഡികള്‍ എടുക്കുന്നതും ആ ആന്റിബോഡികളെ സജീവമായ കോവിഡ് രോഗിയിലേക്ക് മാറ്റുന്നതും വൈറസ് ബാധമൂലമുള്ള മരണം കുറയ്ക്കില്ലെന്നാണ് കണ്ടെത്തിയത്. രോഗം മൂര്‍ച്ഛിക്കുന്നത് തടയാനും ഇത് സഹായിക്കില്ലെന്നും പഠനത്തില്‍ കണ്ടെത്തി.

രോഗം ഭേദമായവരുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സയാണ് പ്ലാസ്മ തെറാപ്പി. ഭേദമായ ആളുടെ രക്തത്തില്‍ രോഗാണുവിനെതിരായ ആന്റിബോഡിയുണ്ടാകും. ഇത് രോഗിയിലും പ്രവര്‍ത്തിക്കുമോയെന്ന് പരീക്ഷിക്കുകയാണ് ഈ ചികിത്സയില്‍ ചെയ്യുന്നത്. വിജയിച്ചാല്‍ കോവിഡ് ചികിത്സയില്‍ നിര്‍ണായകമാകും. ശ്രീചിത്രയടക്കമുള്ള ആശുപത്രികള്‍ ആന്റിബോഡി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കി കാത്തിരിക്കയാണ്.