Home വാണിജ്യം ഒടുവിൽ തീപ്പെട്ടിയുടെ വിലയും കൂടുന്നു; ഇനി മുതൽ രണ്ട് രൂപ

ഒടുവിൽ തീപ്പെട്ടിയുടെ വിലയും കൂടുന്നു; ഇനി മുതൽ രണ്ട് രൂപ

14 വർഷങ്ങൾക്ക് ശേഷം രാജ്യത്ത് തീപ്പെട്ടി വില വർധിപ്പിക്കാൻ തീരുമാനം. ഒരു രൂപയായിരുന്ന തീപ്പെട്ടി വില ഡിസംബർ ഒന്ന് മുതൽ രണ്ട് രൂപയാക്കി ഉയർത്താനാണ് തീരുമാനിച്ചത്. ഓൾ ഇന്ത്യ ചേംബർ ഓഫ് മാച്ചസ് ചേർന്ന യോ​ഗത്തിലാണ് വില കൂട്ടാനുള്ള തീരുമാനം.

അസംസ്‌കൃത വസ്തുക്കളുടെ വിലവർധനയാണ് തീപ്പെട്ടി വില കൂട്ടാൻ കാരണമെന്നാണ് നിർമാതാക്കൾ പറയുന്നത്. നേരത്തെ അമ്പത് പൈസയായിരുന്ന തീപ്പെട്ടിക്ക് 2007 ലാണ് ഒരു രൂപയാക്കിയത്. പിന്നീട് പതിനാല് വർഷം ഇതേ വിലയായിരുന്നു.

1995-ലാണ് വില 25 പൈസയിൽനിന്ന് 50 പൈസയാക്കിയത്. തീപ്പെട്ടി നിർമ്മിക്കാനാവശ്യമായ 14 അസംസ്‌കൃത വസ്തുക്കൾക്കും വില വർധിച്ചിട്ടുണ്ട്. ശിവകാശിയിൽ നടന്ന ഓൾ ഇന്ത്യ ചേംബർ ഓഫ് മാച്ചസ് യോ​ഗത്തിൽ എല്ലാ തീപ്പെട്ടി നിർമാണ കമ്പനികളും സംയുക്തമായാണ് തീരുമാനമെടുത്തത്.