Home ആരോഗ്യം ജൂണില്‍ പ്രതിദിന കോവിഡ് മരണം 2300ന് മുകളിലെത്തും; രോഗവ്യാപനം അതിവേഗത്തിലെന്ന് റിപ്പോര്‍ട്ട്

ജൂണില്‍ പ്രതിദിന കോവിഡ് മരണം 2300ന് മുകളിലെത്തും; രോഗവ്യാപനം അതിവേഗത്തിലെന്ന് റിപ്പോര്‍ട്ട്

ടുത്തമാസത്തോടെ കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് കൂടുതല്‍ വിനാശകാരിയായേക്കുമെന്ന ഞെട്ടിപ്പിക്കുന്ന പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ജൂണ്‍ ആദ്യ ആഴ്ചയോടെ പ്രതിദിന മരണ നിരക്ക് 2300ന് മുകളിലാകുമെന്നാണ് റിപ്പോര്‍ട്ട്. ലാന്‍സെറ്റ് കോവിഡ്-19 കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

കോവിഡിന്റെ ആദ്യ തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗം കൂടുതല്‍ രൂക്ഷമായി ബാധിച്ചിട്ടുള്ളത് ഇന്ത്യയിലെ രണ്ടും മൂന്നും തട്ടിലുള്ള നഗരങ്ങളെയാണ്. രണ്ടാം തരംഗം കൂടുതല്‍ ഭൂമിശാസ്ത്രപരമായി ക്ലസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2020 ഓഗസ്റ്റ് – സെപ്റ്റംബര്‍ കാലയളവില്‍ കോവിഡ് കേസുകളുടെ ആദ്യ കുതിച്ചുചാട്ട സമയത്ത്, കേസുകളില്‍ 75% ആളുകളുള്ള ജില്ലകളുടെ എണ്ണം 60-100 ആയിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തില്‍, അത് 20-40 ജില്ലകളിലായിട്ടുണ്ട്. അതേസമയം കോവിഡിന്റെ രണ്ടാം തരംഗം ആദ്യത്തേതിനേക്കാള്‍ തികച്ചും വേറിട്ടതാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

രോഗബാധിതരുടെ എണ്ണം മുന്‍കാലത്തേക്കാള്‍ അതിവേഗം വര്‍ധിക്കുന്നു. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തില്‍ നിന്നും 80,000 ലേക്ക് കുതിച്ചുയര്‍ന്നത് വെറും 40 ദിവസം കൊണ്ടാണ്.

കഴിഞ്ഞ സെപ്റ്റംബറില്‍ ഇത്രയധികം പ്രതിദിന രോഗബാധിതരുണ്ടായത് 83 ദിവസം കൊണ്ടാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രണ്ടാം തരംഗത്തില്‍ രോഗ ലക്ഷണങ്ങള്‍ തീരെ പ്രകടമാകാത്തതോ, ചെറുതായ രോഗലക്ഷണങ്ങളോ വന്‍ തോതിലുള്ള രോഗവ്യാപനത്തിന് സാധ്യത വര്‍ധിപ്പിക്കുന്നു. മാത്രമല്ല, രോഗം പെട്ടെന്ന് കണ്ടെത്തുന്നതിനും, ആശുപത്രി ചികില്‍സ വൈകാനും ഇത് ഇടയാക്കുന്നു.

2020 മാര്‍ച്ചില്‍ കോവിഡ് വ്യാപനം ഉണ്ടായപ്പോള്‍ മരണ നിരക്ക് 1.3 ശതമാനമായിരുന്നു. 2021 തുടക്കത്തില്‍ ഇത് 0.87 ശതമാനമായി. എന്നാല്‍ രണ്ടാം തരംഗത്തിന്റെ മൂര്‍ധന്യത്തില്‍ മരണ നിരക്കും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന മരണ നിരക്ക് ആയിരത്തിന് മുകളിലാണ്. കഴിഞ്ഞ രണ്ടു ദിവസമായി രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തിന് മുകളിലുമാണ്.