Home അറിവ് 21,539 കോടി രൂപയ്ക്ക് അവകാശികളില്ല; എല്‍ഐസിയുടെ കണക്കുകള്‍ പുറത്ത്

21,539 കോടി രൂപയ്ക്ക് അവകാശികളില്ല; എല്‍ഐസിയുടെ കണക്കുകള്‍ പുറത്ത്

പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയില്‍ അവകാശികളില്ലാതെ കിടക്കുന്നത് 21,539 കോടി രൂപ. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള കണക്കാണിത്. ഓഹരി വില്‍പ്പനയ്ക്കായി സമര്‍പ്പിച്ച രേഖയിലാണ് ഈ കണക്കുകള്‍.

2020 മാര്‍ച്ച് വരെ 16,052.65 കോടി രൂപയായിരുന്നു എല്‍ഐസിയിലെ അവകാശികളില്ലാത്ത പണം. കഴിഞ്ഞ മാര്‍ച്ചില്‍ ഇത് 18,495 കോടി രൂപയായി. അവകാശികളില്ലാത്ത പണവും അതിന്റെ പലിശയും ചേര്‍ത്താണ് സെപ്റ്റംബരില്‍ 21,539 കോടിയില്‍ എത്തിയത്.

പ്രാരംഭ ഓഹരി വില്പനയിലൂടെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ അഞ്ചുശതമാനം ഓഹരികളാകും സര്‍ക്കാര്‍ കൈമാറുക. ഓഹരിയൊന്നിന് 1,693-2,692 രൂപ നിരക്കിലാവുംവില നിശ്ചയിക്കുകയെന്നു റിപ്പോര്‍ട്ടുകളുണ്ട്.

50,000 കോടിക്കും ഒരു ലക്ഷം കോടിക്കുമിടയിലുള്ള തുകയാകും ഓഹരി വില്പനയിലൂടെ സര്‍ക്കാര്‍ സമാഹരിക്കുക. ഇതുപ്രകാരം 31.62 കോടി ഓഹരികളാണ് വിറ്റഴിക്കുക. ഓഫര്‍ ഫോര്‍ സെയില്‍വഴിയാകും 100 ശതമാനം ഓഹരികളും കൈമാറുക.

വില്പനയ്ക്കുവെയ്ക്കുന്ന മൊത്തം ഓഹരികളില്‍ 10ശതമാനം പോളസി ഉടമകള്‍ക്കായി നീക്കിവെയ്ക്കും. അഞ്ചുശതമാനം ജീവനക്കാര്‍ക്കും അനുവദിച്ചേക്കും.