Home വാണിജ്യം ബലേനോ പുതിയ ലുക്കിൽ; സ്വീകരിച്ച് ആരാധകർ

ബലേനോ പുതിയ ലുക്കിൽ; സ്വീകരിച്ച് ആരാധകർ

2015 ഒക്​ടോബർ 24 നാണ് മാരുതി സുസുകി ഇന്ത്യയിൽ ബലേനോ എന്ന സൂപ്പർ സ്​റ്റാറിനെ രാജ്യത്ത്​ അവതരിപ്പിച്ചത്​. 2019ൽ ബലേനോ ചെറിയൊരു മുഖംമിനുക്കലിന്​ വിധേയമായിരുന്നെങ്കിലും അന്ന്​ കാര്യമായ മാറ്റമൊന്നും വാഹനത്തിൽ വരുത്തിയിരുന്നില്ല. എന്നാൽ അടുത്ത വർഷം പുതിയ കെട്ടിലുംമട്ടിലും ബലേനോയെ നിരത്തിൽ എത്തിക്കാനാണ്​ കമ്പനി ലക്ഷ്യമിടുന്നത്​.

പുതുക്കിയ ബലേനോയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്​. 2022 മോഡൽ ബലേനോയ്ക്ക് എഞ്ചിനിൽ വലിയ മാറ്റങൾ ഇല്ലാതെ അകത്തും പുറത്തും നിരവധി മാറ്റങ്ങളുണ്ട്​. 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ തുടരുമെന്നാണ്​ സൂചന. പുതിയ വാഹനത്തി​ന്റെ മിക്കവാറും എല്ലാ ബോഡി പാനലുകളും പുനർരൂപകൽപ്പന ചെയ്​തു​. മുൻവശത്തുനിന്ന് നോക്കുമ്പോൾ കാർ 2019 നേക്കാൾ വീതിയുള്ളതായി തോന്നും. നിലവിൽ പുറത്തുവന്ന ചിത്രങ്ങൾ ലോവർ-സ്പെക്​ മോഡലിലേതാണെന്നാണ്​ സൂചന. ഉയർന്ന വേരിയന്റുകളിൽ കാണുന്ന ക്രോം ബിറ്റുകൾക്ക് പകരം കൂടുതൽ കറുത്ത പ്ലാസ്റ്റിക്കാണ്​ ഇതിൽ ദൃശ്യമാകുന്നത്.

കാറിൽ ഫോഗ് ലാമ്പുകളോ പിൻ വിൻഡ്ഷീൽഡിന് വൈപ്പറോ വാഷറോ കാണാനില്ല. ഇതും ഉയർന്ന മോഡലുകളിൽ വരേണ്ട ഫീച്ചറുകളാണ്​. ടെയിൽ ലൈറ്റി​ന്റെ ഡിസൈൻ മാറിയിട്ടുണ്ട്​. എൽ-ആകൃതിയിലുള്ള റാപ്പറൗണ്ട് ഹെഡ്‌ലാമ്പുകളാണ്​ പുതിയ വാഹനത്തിന്​. വേരിയന്റ്​ അനുസരിച്ച് എൽഇഡി ഡേടൈം റണ്ണിങ്​ ലാമ്പുകളും പ്രൊജക്​ടർ ഹെഡ്​ലാമ്പ്​ സജ്ജീകരണവും ലഭിക്കും. പുതുതായി രൂപകൽപ്പന ചെയ്​ത ഗ്രില്ല്​ ചിരിക്കുന്ന മുഖം വാഹനത്തിന്​ നൽകും. ഫ്രണ്ട് ബമ്പറിന് കോൺട്രാസ്റ്റ് ബ്ലാക്ക് പ്ലാസ്റ്റിക് ഇൻസേർട്ടുകളുള്ള വിശാലമായ എയർഡാമും ഇരുവശത്തും ഫോഗ് ലാമ്പ് യൂനിറ്റുകൾക്കായി രണ്ട് പ്രത്യേക കമ്പാർട്ടുമെന്റുകളും ഉണ്ട്.

ഏതാനും ആഴ്‌ചകൾക്കുമുമ്പ്​ പുറത്തുവന്ന ഇൻറീരിയർ ചിത്രങ്ങൾ അനുസരിച്ച്​ കാര്യമായ മാറ്റങ്ങൾ ഉള്ളിൽ കാണാനാകും. പൂർണമായും പുനർരൂപകൽപ്പന ചെയ്‌ത ഡാഷ്‌ബോർഡ് വാഹനത്തിന്​ നൽകിയിട്ടുണ്ട്​. എസി വെന്റുകൾ ഇപ്പോൾ തിരശ്ചീനമായി വി ആകൃതിയിലാണുള്ളത്​. ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ മധ്യത്തിലും സ്ഥാപിച്ചിരിക്കുന്നു.

നിലവിലെ 7.0-ഇഞ്ച് സ്​മാർട്ട്​ പ്ലേ സിസ്റ്റത്തേക്കാൾ വലുതാണ്​ പുതിയ സംവിധാനം. ഇത്​ 8.0-ഇഞ്ചോ അതിൽ കൂടുതലോ വലിപ്പമുള്ളതാകുമെന്നാണ്​ സൂചന. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം അപ്‌ഗ്രേഡുചെയ്യുമെന്നും വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ ഫീച്ചർ ചെയ്യുമെന്നും വിവരമുണ്ട്​. സ്വിഫ്റ്റിലേതിന്​ സമാനമായിരിക്കും സ്റ്റിയറിംഗ് വീൽ. എ.സി നിയന്ത്രണ സ്വിച്ചുകളും പുതിയതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്​. അവ ഇഗ്നിസിലേതിന് സമാനമായി കാണപ്പെടും. ഇൻസ്ട്രുമെന്റ് ക്ലസ്റ്റൻ പൂർണമായും ഡിജിറ്റലാവാനും സാധ്യതയുണ്ട്​ എന്നതാണ് പ്രതേകത.