Home വിനോദം സിനിമയുടെ വ്യാജപതിപ്പ് ഇറക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ; കരട് ബില്‍ പുറത്തിറക്കി കേന്ദ്രം

സിനിമയുടെ വ്യാജപതിപ്പ് ഇറക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ; കരട് ബില്‍ പുറത്തിറക്കി കേന്ദ്രം

സിനിമാ രംഗത്തുള്ളവരെയുടനീളം വലയ്ക്കുന്ന പ്രശ്‌നമാണ് സിനിമ ഇറങ്ങിയ ഉടന്‍ തന്നെ അതിന്റെ വ്യാജ പതിപ്പ് ഇറക്കുന്നത്. എന്നാല്‍ അത്തരക്കാരെ കാത്തിരിക്കുന്നത് വലിയ ശിക്ഷയാണ്. സിനിമയുടെ വ്യാജ പതിപ്പ് ഉണ്ടാക്കിയാല്‍ ജയില്‍ ശിക്ഷയ്ക്ക് ശുപാര്‍ശയായി. ഇതിനായുള്ള കരട് ബില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുകയും ചെയ്തു.

സിനിമാട്ടോഗ്രാഫ് ഭേദഗതി 2021 പ്രകാരം സിനിമയുടെ വ്യാജപതിപ്പ് നിര്‍മിച്ചാല്‍ മൂന്ന് മാസം വരെ തടവുശിക്ഷയും മൂന്നു ലക്ഷം വരെ പിഴയും ഈടാക്കാനാണ് വ്യവസ്ഥ. നിലവില്‍ സിനിമയുടെ പ്രദര്‍ശനത്തിന് അനുമതി നല്‍കുന്നത് സെന്‍സര്‍ ബോര്‍ഡുകളാണ്. എന്നാല്‍ സിനിമാട്ടോഗ്രാഫ് ഭേദഗതി നിയമപ്രകാരം സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കും. ബില്ലിലെ വ്യവസ്ഥ പ്രകാരം വ്യാജപതിപ്പെന്ന പരാതി ലഭിച്ചാല്‍ സെന്‍സര്‍ബോര്‍ഡ് അനുമതി നല്‍കിയ സിനിമകള്‍ കേന്ദ്രത്തിന് പുനഃപരിശോധിക്കാം.

സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമകള്‍ പുനഃപരിശോധിക്കാമെന്ന കേന്ദ്രത്തിന്റെ തീരുമാനം നേരത്തെ കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2000 നവംബറില്‍ സുപ്രീം കോടതിയും ഇത് അംഗീകരിച്ചു. എന്നാല്‍ ഇതിനെതിരാണ് പുതിയ ഭേദഗതി. കരട് ബില്ലില്‍ കേന്ദ്രം പൊതുജനാഭിപ്രായം തേടി. ജൂലൈ രണ്ടിനുള്ളില്‍ അഭിപ്രായം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിക്കാനാണ് നിര്‍ദേശം.