
മനുഷ്യന്റെ ജീവിതരീതി മാറിയതോടെ അസുഖങ്ങളും കൂടി. ഇന്നത്തെ കാലത്ത് ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു മരുന്നെങ്കിലും കഴിക്കാത്തവര്‍ ഉണ്ടാവില്ല. മരുന്നുകളുടെ ശരിയായ ചേരുവ കൃത്യമായ അളവില്‍ കഴിക്കുമ്പോള്‍ രോഗങ്ങള്‍ ഭേദമാവും. എന്നാല്‍ മരുന്ന് കഴിക്കുമ്പോള്‍ വരുത്തുന്ന ചില തെറ്റുകള്‍ക്ക് വലിയ വില കൊടുക്കേണ്ടി വന്നേക്കാം. ഇതുമായി ബന്ധപ്പെട്ട് ശരീരത്തിലുണ്ടാകുന്ന സങ്കീര്‍ണതകള്‍ നിരവധിയാണ്.
പ്രതിവര്‍ഷം 15 ലക്ഷം ഗുരുതരമായ തെറ്റുകള്‍ മരുന്നു കഴിക്കുന്നതുമായി ബന്ധപ്പെട്ട് മനുഷ്യര്‍ വരുത്താറുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് ഏറ്റവും വ്യാപകം വയോധികരിലാണ്.
മരുന്ന് കഴിക്കുമ്പോള്‍ വരുത്താന്‍ പാടില്ലാത്ത തെറ്റുകള്‍
പരസ്പരം പ്രതിപ്രവര്‍ത്തിക്കുന്ന രണ്ടു മരുന്നുകള്‍ ഒരുമിച്ചു കഴിക്കുന്നത് അവയുടെ ഫലപ്രാപ്തി കുറയ്ക്കുകയും സുഖകരമല്ലാത്ത പാര്‍ശ്വ ഫലങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
ഡോക്ടര്‍ കുറിച്ചു തരുന്നതായാലും മെഡിക്കല്‍ സ്റ്റോറില്‍ പോയി വാങ്ങുന്നതായാലും കഴിക്കുന്ന മരുന്നിനെ പറ്റി പൂര്‍ണമായും അറിവുണ്ടാകണം. ഇത് തെറ്റുകള്‍ പറ്റുന്നത് ഒഴിവാക്കാന്‍ സഹായിക്കും.
ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ഡോസില്‍ മാത്രം മരുന്ന് കഴിക്കുക. രണ്ടെണ്ണം കൂടുതല്‍ കഴിച്ചാല്‍ രോഗം പെട്ടെന്ന് ഭേദമാകും എന്ന ചിന്ത തെറ്റാണ്. കൂടിയ ഡോസിലുള്ള മരുന്നുകള്‍ തലകറക്കവും കരള്‍ നാശവും അടക്കമുള്ള പ്രശ്‌നങ്ങളുണ്ടാക്കാം.
ചില പ്രത്യേക തരം മരുന്നുകള്‍ ഒരിക്കല്‍ ഡോക്ടര്‍ കുറിച്ചു തന്നു കഴിഞ്ഞാല്‍ നിശ്ചിതകാലത്തേക്ക് മുടക്കം വരുത്താതെ തുടര്‍ച്ചയായി കഴിക്കേണ്ടതാണ്. ചിലര്‍ രോഗം ഭേദമായി എന്ന് കണ്ടാല്‍ ഡോക്ടറോട് ചോദിക്കാതെ മരുന്ന് നിര്‍ത്തി കളയും. വീണ്ടും എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ സ്വന്തം ഇഷ്ടപ്രകാരം അവ പുനരാരംഭിക്കുകയും ചെയ്യും. ആന്റി ഡിപ്രസന്റുകള്‍, സ്റ്റിറോയ്ഡുകള്‍, രക്തം നേര്‍പ്പിക്കുന്ന മരുന്നുകള്‍ തുടങ്ങി പല മരുന്നുകളും തോന്നിയതുപോലെ ഇടയ്ക്ക് മുടക്കം വരുത്തി കഴിക്കുന്നത് അപകടകരമാണ്. ആന്റിബയോട്ടിക് മരുന്നുകള്‍ ഒക്കെ കൃത്യമായ ദിവസങ്ങളിലേക്ക് കുറിച്ച് തരുന്നത് അത്രയും നാളുകള്‍ തന്നെ കഴിച്ച് ഒരു കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കണം.
ആഹാരത്തിനു ശേഷം കഴിക്കാന്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ അങ്ങനെതന്നെ കഴിച്ചാലേ ഫലം ഉണ്ടാവുകയുള്ളൂ. പൊതുവേ മരുന്നുകള്‍ കഴിക്കുമ്പോള്‍ ആരോഗ്യകരമായ ഭക്ഷണവും കഴിക്കാന്‍ ശ്രദ്ധിക്കുക.
ഗൂഗിളിലും മറ്റും രോഗലക്ഷണങ്ങള്‍ പരതി സ്വയം രോഗം നിര്‍ണയിച്ച് സ്വയം മരുന്ന് കുറിച്ച് കഴിക്കുന്നത് അത്യന്തം അപകടകരമാണ്. നിങ്ങളുടെ ജീവനെ തന്നെ ഇത് അപകടത്തിലാക്കും. ഏത് മരുന്നു കഴിക്കുന്നതിനു മുന്‍പും ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.
വ്യക്തിയുടെയും ആരോഗ്യം, പ്രായം, മറ്റ് വൈദ്യശാസ്ത്ര സങ്കീര്‍ണതകള്‍ എന്നിവ പരിഗണിച്ചായിരിക്കും ഡോക്ടര്‍ മരുന്നു കൊടുക്കുക. അതിനാല്‍ ഒരേ രോഗ ലക്ഷണങ്ങള്‍ ഉണ്ടെന്ന് കരുതി മറ്റൊരാള്‍ക്ക് നിര്‍ദ്ദേശിക്കപ്പെട്ട മരുന്ന് കഴിക്കരുത്. ഇത് അപകടം ക്ഷണിച്ചു വരുത്തുന്നതിനു തുല്യം ആണ്.