Home ആരോഗ്യം മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കില്ല; ലോകാരോഗ്യസംഘടനയുടെയും എയിംസിന്റെയും പഠനഫലം പുറത്ത്

മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കില്ല; ലോകാരോഗ്യസംഘടനയുടെയും എയിംസിന്റെയും പഠനഫലം പുറത്ത്

കോവിഡ് 19 വൈറസിന്റെ മൂന്നാം തരംഗം വരാനിരിക്കുകയാണ്. ഇത് കുട്ടികളെ ആണ് കൂടുതലായി ബാധിക്കുക എന്ന വിവരം വലിയ ആശങ്കകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. എന്നാല്‍ മൂന്നാം തരംഗം കുട്ടികളില്‍ കൂടുതലായി ബാധിക്കില്ലെന്ന റിപ്പോര്‍ട്ടാണ് ലോകാരോഗ്യ സംഘടനയും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും സംയുക്തമായി നടത്തിയ പഠന ഫലത്തില്‍ പറയുന്നത്.

കുട്ടികളിലെ സിറോപോസിറ്റിവിറ്റി (രോഗം വന്ന ശേഷമുണ്ടായ ആന്റിബോഡി സാന്നിധ്യം) മുതിര്‍ന്നവരെ അപേക്ഷിച്ച് കൂടുതലാണെന്നതാണ് വിദഗ്ധ സംഘത്തിന്റെ പ്രധാന കണ്ടെത്തല്‍. മിക്ക കുട്ടികളും രോഗം വന്നത് തന്നെ അറിഞ്ഞിട്ടില്ല. കോവിഡ് ബാധിതരായ കുട്ടികളെ ഐസിയുവിലും മറ്റും പ്രവേശിപ്പിക്കേണ്ടി വന്ന സാഹചര്യങ്ങളും കുറവായിരുന്നു.

രോഗം വന്നു മാറിയതറിയാത്തവരിലടക്കമുള്ള സിറോപോസിറ്റിവിറ്റി നിരക്കാണ് പഠനവിധേയമാക്കിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 10,000 സാംപിളുകളാണ് പഠനത്തിനായി ശേഖരിച്ചത്. ഇടക്കാല പഠനത്തിനായി ഇന്ത്യയിലെ നാലു സംസ്ഥാനങ്ങളില്‍ നിന്ന് 4,500 സാംപിളുകളുമെടുത്തു.

തെക്കന്‍ ഡല്‍ഹിയിലെ മെട്രോപൊളിറ്റന്‍ മേഖലയിലുള്ള കുട്ടികളില്‍ നിന്നു ശേഖരിച്ച സാംപിളുകളില്‍ 74.7 ശതമാനമായിരുന്നു സിറോപോസിറ്റിവിറ്റി. ഇത് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും കൂടുതലാണെന്ന് സര്‍വേ നടത്തിയ എയിംസിലെ കമ്യൂണിറ്റി മെഡിസിന്‍ പ്രൊഫസര്‍ ഡോ. പുനീത് മിശ്ര പറഞ്ഞു.